11 കോടിയോളം രൂപയുടെ തട്ടിപ്പ്: മുന്‍ ജെഎൻയു ജീവനക്കാരൻ അറസ്റ്റില്‍

National

ഡല്‍ഹി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (DDA) ലാൻഡ് പൂളിങ് പോളിസിയിലൂടെ ഭവന പദ്ധതി വാഗ്ദാനം ചെയ്ത് പ്രൊഫസര്‍മാരില്‍ നിന്നും 11 കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ ജെഎൻയുവിലെ (JNU) മുൻ ജീവനക്കാരൻ അറസ്റ്റില്‍.ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ പി ഡി ഗെയ്ക്വാഡ് (63) ആണ് പിടിയിലായത്. ഡല്‍ഹി ഐഐടിയിലെയും ജെഎൻയുവിലെയും പ്രൊഫസര്‍മാരില്‍ നിന്നുമാണ് ഇയാള്‍ പണം തട്ടിയത്. പ്രൊഫസര്‍മാരുടെ പരാതിയില്‍ ഗെയ്ക്വാഡിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ജെഎൻയുവിലെ സ്കൂള്‍ ഓഫ് എൻവയൊണ്മെന്റല്‍ സയൻസില്‍ (School Of Environmental Sciences) സയന്റിഫിക് ഓഫീസര്‍ ആയിരുന്ന ഗെയ്ക്വാഡ്, 2015 ല്‍ നോബിള്‍ സോഷ്യോ സയന്റിഫിക് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷൻ (Noble Socio-Scientific Welfare Organization – എൻഎസ്‌എസ്ഡബള്യൂഒ) രൂപീകരിച്ചു. തന്റെ സ്വാധീനം ഉപയോഗിച്ച്‌ ഗെയ്ക്വാഡ് നിരവധി പ്രൊഫസര്‍മാരെ ഇതില്‍ അംഗമാക്കുകയും ഡിഡിഎയുടെ (DDA) ലാൻഡ് പൂളിങ് പോളിസി വഴി ഓര്‍ഗനൈസേഷന് കീഴില്‍ ഇവര്‍ക്ക് ഭവന പദ്ധതി വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. ഭവന പദ്ധതിയുടെ വിശദ വിവരങ്ങള്‍ പ്രൊഫസര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും പദ്ധതിക്കായി എല്‍ സോണില്‍ (L Zone) ഭൂമി ഏറ്റെടുക്കാനുള്ള കാര്യങ്ങള്‍ ചെയ്തുവരികയാണെന്ന് ഇവരെ പറഞ്ഞു ധരിപ്പിക്കുകയും ചെയ്തു. പ്രോജക്‌ട് നടപ്പാക്കുന്ന സ്ഥലത്ത് ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനുള്ള തുകയും കൂടാതെ ഓര്‍ഗനൈസേഷനില്‍ അംഗമാകുന്നതിനുള്ള ഫീസും ഗെയ്ക്വാഡ് പ്രൊഫസര്‍മാരില്‍ നിന്നും ഈടാക്കി.

ഫ്ലാറ്റുകള്‍ക്കായി ഏറ്റെടുത്ത ഭൂമി കാണിക്കാനെന്ന പേരില്‍ 2015 നവംബര്‍ 1ന് ഗെയ്ക്വാഡ് നജഫ്ഗഡിലെ (Najafgarh) എല്‍ സോണില്‍ പ്രൊഫസര്‍മാരെ എത്തിച്ചിരുന്നുവെങ്കിലും ഭൂമി വാങ്ങിയതിന്റെ ഒരു തെളിവുകളും കാണിച്ചിരുന്നില്ല. തങ്ങള്‍ വഞ്ചിതരാവുകയാണ് എന്ന് പിന്നീട് പ്രൊഫസര്‍മാര്‍ തിരിച്ചറിഞ്ഞു. 2019ല്‍ സിദ്ധാര്‍ഥ ഓഫീസേഴ്സ് ഹൗസിങ് ആൻഡ് സോഷ്യല്‍ വെല്‍ഫയര്‍ സോസൈറ്റി (Siddhartha Officers Housing And Social Welfare Society) എന്ന പേരില്‍ താൻ ഒരു പുതിയ സംഘടന തുടങ്ങുകയാണെന്നും, പരാതിയുള്ളവര്‍ ജെഎൻയുവിലെ തന്റെ ഓഫീസ് മുഖേന അവരുടെ അംഗത്വം എൻഎസ്‌എസ്ഡബള്യൂഒയില്‍ നിന്നും പുതിയ സംഘടനയിലേക്ക് മാറ്റണമെന്നും ഗെയ്ക്വാഡ് നിര്‍ദ്ദേശിച്ചതായി പോലീസ് വ്യക്തമാക്കി.

2019 മുതല്‍ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് പ്രൊഫസര്‍മാര്‍ ഗെയ്ക്വാഡിനെ സമീപിച്ചിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഗെയ്ക്വാഡ് നല്‍കിയ ബില്ലുകളും മറ്റ് രേഖകളും പ്രൊഫസര്‍മാരില്‍ നിന്നും പോലീസ് ശേഖരിച്ചതായി ഡെപ്യൂട്ടി കമ്മീഷ്ണര്‍ സുരേന്ദ്ര ചൗധരി അറിയിച്ചു. ഗെയ്ക്വാഡ് സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച മെയിലുകളില്‍ ഡിഡിഎയുടെ ലാൻഡ് പൂളിങ് പോളിസിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്ക് വച്ചിരുന്നതായും ചൗധരി പറഞ്ഞു.

എന്നാല്‍ ലാൻഡ് പൂളിങ് പോളിസിക്ക് കീഴില്‍ ഒരു തരത്തിലുള്ള ഭവന പദ്ധതികള്‍ക്കും ഒരു സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ഡിഡിഎ വ്യക്തമാക്കി. കൂടാതെ ഗെയ്ക്വാഡ് തുടങ്ങിയ സൊസൈറ്റി ഇതുവരെ രജിസ്റ്റര്‍ ചെയ്യുകയോ രജിസ്ട്രേഷനായി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഡല്‍ഹി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും (RERA) റിപ്പോര്‍ട്ട് ചെയ്തു. പ്രൊഫസര്‍മാരില്‍ നിന്നും തട്ടിയെടുത്ത 11 കോടി രൂപ പിൻവലിക്കുകയോ അല്ലെങ്കില്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *