എറണാകുളം: ചേരാനെല്ലൂരിൽ പത്ത് വയസുകാരനു രണ്ടാനച്ഛന്റെ ക്രൂര മർദനം. സംഭവത്തിൽ പ്രതിയെ പിടികൂടി. ഇരിഞ്ഞാലക്കുട സ്വദേശി അരുൺ എസ് മേനോനാണ് പിടിയിലായത്. കുട്ടിയുടെ മുഖത്തും ശരീരത്തിലും ചൂരൽ കൊണ്ട് അടിയേറ്റതിന്റെ പരിക്കുകളുണ്ട്.അടികിട്ടിയ കാര്യം പുറത്തു പറഞ്ഞാൽ ജുവനൈൽ ഹോമിലാക്കുമെന്ന് രണ്ടാനച്ഛൻ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി പറഞ്ഞു.
കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട് സ്കൂൾ അധ്യാപകർ വിവരം പൊലീസിനെയും ചൈൽഡ് ലൈനിലും അറിയിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പതിവിലും നേരത്തെ കിടന്ന് ഉറങ്ങിയതിനായിരുന്നു മർദ്ദനമെന്ന് കുട്ടി പറയുന്നു. സാധാരണ പഠിച്ചുതീർന്ന ശേഷം മാത്രമേ രണ്ടാനച്ഛൻ ഉറങ്ങാൻ സമ്മതിക്കാറുള്ളൂവെന്നും പുലർച്ചെ മൂന്ന് മണി വരെ ഉറങ്ങാതെ പഠിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. തൃശ്ശൂർ പോകാനുള്ളതിനാൽ കഴിഞ്ഞ ദിവസം നേരത്തെ കിടന്ന് ഉറങ്ങിയതിനാണ് പ്രതി കുട്ടിയെ തല്ലിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.