പത്തനംതിട്ട; അതൃപ്തി പരസ്യമാക്കിയതിന്റെ പേരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ഭയക്കുന്നില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എ പത്മകുമാര്‍. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച പരസ്യമായി പറയുകയാണ് താന്‍. തന്നെപ്പോലെ അഭിപ്രായമുള്ള പലരും പത്തനംതിട്ടയിലുണ്ട് എന്ന് എ പത്മകുമാർ പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ മാത്രം പ്രവര്‍ത്തിക്കുമെന്നും എ പത്മകുമാര്‍ കൂട്ടിച്ചേർത്തു.മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയ നടപടിക്കെതിരെയും പത്മകുമാര്‍ തുറന്നടിച്ചു. പാര്‍ട്ടിയില്‍ തനിക്ക് 42 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുണ്ട്. നിലവിൽ 66 വയസായി. സർക്കാർ സർവീസിൽ ആയിരുന്നെങ്കിൽ 56-ാം വയസിൽ വിരമിക്കുമായിരുന്നു. വീണാ ജോര്‍ജിന് ഒന്‍പത് വര്‍ഷത്തെ പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം മാത്രമേ ഉള്ളു വീണയുടെ കഴിവിനെ താന്‍ അംഗീകരിക്കുന്നു. എന്നാല്‍ പാര്‍ട്ടിഘടകത്തിലേക്ക് ഒരാളെ പരിഗണിക്കുമ്പോള്‍ രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനം പരിഗണിക്കണമെന്നും പത്മകുമാര്‍ പറഞ്ഞു.
തന്റെ പ്രവര്‍ത്തനം മോശമാണെന്ന് പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ അഭിപ്രായം ഉയര്‍ന്നിട്ടില്ലെന്നും പത്മകുമാര്‍. പാര്‍ട്ടിയെ വില കുറച്ചു കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. നേതാക്കളെയും വിലകുറച്ചു കാണുന്നില്ല. സഖാവ് പിണറായിയെ പോലുള്ളവരാണ് പാര്‍ട്ടി നേതാക്കള്‍. വികാരത്തിന് അടിമപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത് ശരിയായില്ല എന്ന് തോന്നി. എന്നാല്‍ അതൃപ്തി പരസ്യമാക്കിയ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.