ദോഹ: ഇസ്രായേലിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനായി അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടി ദോഹയിൽ ചേരുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.ഈമാസം 14-15 തീയതികളിലാണ് ഉച്ചകോടി. ഇസ്രായേൽ ആക്രമണത്തിനെതിരെ മേഖലയിൽനിന്ന് ഒന്നിച്ചുള്ള പ്രതികരണം ഉണ്ടാകുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്ന് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർനടപടികൾ മേഖലയിലെ മറ്റു പങ്കാളികളുമായി കൂടിയാലോചന നടത്തിയാണ് സ്വീകരിക്കുക. ദോഹയിലെ ഹമാസ് നേതാക്കളുടെ താമസസ്ഥലം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം ബന്ദികളുടെ എല്ലാ പ്രതീക്ഷയും ഇല്ലാതാക്കി. ഈ ആക്രമണത്തിൽ ഞങ്ങൾ എത്രത്തോളം രോഷാകുലരാണെന്ന് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. സമാധാനത്തിനും സ്ഥിരതക്കുമുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ആക്രമണം; അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടി ഖത്തറിൽ
