ആശാ സമരം:രാഷ്ട്രപതിക്ക് കത്തയച്ച് ആശ ഹെൽത്ത് വർക്കേഴ്സ് അസ്സോസിയേഷൻ

തിരുവനന്തപുരം:എട്ട് മാസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശ സമരം ആവശ്യങ്ങൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാഷ്ട്രപതിക്ക് കത്തയച്ചു. ഉയർന്ന ജീവിത ചെലവുള്ള കേരളത്തിൽ ആശമാർക്ക് ലഭ്യമാകുന്ന ഓണറേറിയം ദിനംപ്രതി വെറും 233 രൂപയാണ്. കേരളത്തിലെ തന്നെ മിനിമം വേതനമായ 700 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ആശമാർ ആവശ്യപ്പെടുന്നത്. ഭരണ കക്ഷിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അത് തന്നെയായിരുന്നു. ജീവിതത്തിൻ്റെ പ്രധാന ഭാഗം മുഴുവനും സാമൂഹ്യ സേവനത്തിനായി ചെലവഴിക്കുന്ന ആശമാർക്ക് വിരമിക്കുന്ന സമയത്ത് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകണം എന്ന ആവശ്യം അങ്ങേയറ്റം ന്യായമാണ്. സമരം ചെയ്യുന്ന ആശമാർക്കൊപ്പമാണ് പൊതു സമൂഹം എന്ന് കഴിഞ്ഞ 8 മാസമായി സമരത്തിന് ലഭിക്കുന്ന ജനപിന്തുണ തെളിയിച്ചിട്ടുണ്ട്. ജീവൽ പ്രധാനങ്ങളായ ഈ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി തവണ സർക്കാരിൻ്റെ വിവിധ ശ്രേണികളെ സമീപിച്ചു.ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. ഈ രാജ്യത്തെ മുൻനിര ആരോഗ്യ പ്രവർത്തകരായിട്ടുള്ള ആശമാരുടെ വേദന മനസ്സിലാക്കി സമരം ഒത്തുതീർപ്പാക്കാൻ ബഹുമാനപ്പെട്ട രാഷ്ട്രപതി അടിയന്തരമായി ഇടപെടണം എന്നാണ് കത്തിൽ കെ എ എച്ച് ഡബ്ല്യു എ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സന്ദർശനത്തിനായി എത്തിയ രാഷ്ട്രപതി തലസ്ഥാനത്തുള്ള ദിവസം തന്നെയാണ് ആശമാരുടെ ഇന്ന്(22/10/25) ക്ലിഫ് ഹൗസ് മാർച്ച് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *