നാല്‍പതാം വയസില്‍ മകനോടൊപ്പം എംഎ കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായി പൂര്‍ണിമ രഘു

കോതമംഗലം: പ്രായം ഒരു പ്രശ്‌നമല്ല പൂര്‍ണിമക്ക്. മകനോടൊപ്പം ഡിഗ്രിക്ക് ചേര്‍ന്നതിന്റെ ത്രില്ലിലാണ് പൂര്‍ണിമയിപ്പോള്‍. നാല്‍പതാം വയസില്‍, പതിനേഴുകാരനായ മകന്‍ വൈഷ്ണവ് കെ ബിനു വിനൊപ്പം ബിരുദ വിദ്യാര്‍ത്ഥിനിയായതിന്റെ സന്തോഷത്തിലാണ് പോത്താനിക്കാട് മാവുടി കൊച്ചുപുരക്കല്‍ കെ. എസ് ബിനുവിന്റെ ഭാര്യ പൂര്‍ണിമ രഘു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജാണ് അപൂര്‍വ്വമായ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. ‘പ്രായം ഒന്നും നോക്കിയില്ല, ബിരുദം നേടണമെന്ന് വലിയ ആഗ്രഹം ആയിരുന്നു എനിക്ക്…. കോളേജില്‍ പഠിക്കണമെന്ന എന്റെ മോഹം പൂവണിഞ്ഞു. മകനൊപ്പമാകുമ്പോള്‍ അതിന്റെ സന്തോഷം ഇരട്ടിയാണ്. ഇനി ബിരുദത്തിലേക്കുള്ള യാത്രയാണ്, അതും നേടും’ ഉച്ചക്കുള്ള ഇടവേളയില്‍ മകന്റെ കൈ പിടിച്ചു കോളേജ് വരാന്തയിലൂടെ നടക്കുന്നതിനിടയില്‍ പൂര്‍ണിമ പറഞ്ഞു.ഫുട്‌ബോള്‍ കളിയെ പ്രണയിക്കുന്ന മകന്‍ വൈഷ്ണവ് കെ ബിനു, സ്‌പോര്‍ട്‌സ് കോട്ടയില്‍ പ്രവേശനം നേടി ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണെങ്കില്‍,ഇംഗ്ലീഷ്, മലയാളം സാഹിത്യത്തേയും, വായന യേയും സ്‌നേഹിക്കുന്ന അമ്മ പൂര്‍ണിമ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ്. കഠിനമായ പ്രയത്‌നത്തിലൂടെ ബിരുദം സമ്പാദിക്കാനുള്ള ഒരുക്കത്തിലാണ് ഈ വീട്ടമ്മ.ന്യൂജെന്‍ തലമുറയുടെ കൂടെ പഠിക്കുന്നതിന്റെ ജാള്യതയൊന്നും പൂര്‍ണിമക്കില്ല.പ്രായം വെറും നമ്പര്‍ മാത്രമാണെന്നാണ് പൂര്‍ണിമയുടെ വാക്കുകള്‍.’ഞങ്ങള്‍ അമ്മയും, മകനും കോളേജ്‌മേറ്റ്‌സ് എന്നു പറയുന്നതു തന്നെ ഒരു സന്തോഷമല്ലേ’ മകനൊടൊപ്പം നടക്കുന്നതിനിടയില്‍ പൂര്‍ണിമ പറയുന്നു.വീട്ടു കാര്യങ്ങളും, അടുക്കളക്കാര്യങ്ങളും എല്ലാം ചെയ്ത് തീര്‍ത്ത് രണ്ടുമക്കളില്‍ ഇളയവനും, പോത്താനിക്കാട് സെന്റ്. സേവ്യഴ്‌സ് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി യുമായ വൈഭവ് ദേവിനെ സ്‌കൂളിലും പറഞ്ഞയച്ചതിനു ശേഷമാണ് ഉച്ചഭക്ഷണവുമായി ഈ അമ്മയുടെയും, മൂത്ത മകന്റെയും ഒരുമിച്ചുള്ള കോളേജ് യാത്ര. വൈകിട്ടും ഒന്നിച്ചാണ് മടക്കം. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് കെ. എസ്. ബിനുവും കട്ടക്ക് കൂടെയുണ്ട്. മികച്ച ഫുട്‌ബോള്‍ കളിക്കാരനും, ഇടുക്കി ജില്ലാ ഫുട്‌ബോള്‍ ടീമിലെ മുന്‍ അംഗവും, കോതമംഗലം കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടറുമാണ് ബിനു. ഡ്യൂട്ടി യില്ലാത്ത ദിവസങ്ങളില്‍ അടുക്കളയില്‍ കയറി തന്നെ ഭര്‍ത്താവ് സഹായിക്കുമെന്നും, അത് തന്റെ ബിരുദ പഠനത്തിന് ഏറെ സഹായകരമാണെന്ന് ഇവര്‍ പറയുന്നു.പഠനത്തോടൊപ്പം കാല്പന്ത് കളിയില്‍ ഉയരങ്ങള്‍ കീഴടക്കണമെന്നാണ് വൈഷ്ണവിന്റെ ആഗ്രഹം. മകനോടൊപ്പം ഉന്നത വിദ്യാഭ്യാസം നേടണമെന്ന പൂര്‍ണിമയുടെ നിശ്ചയ ദാര്‍ഡ്യത്തെ ഏറെ അഭിനന്ദിക്കുന്നതായും,ഉന്നത വിദ്യാഭ്യാസം ഓരോ വ്യക്തിയുടെയും സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗമായിരിക്കണമെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യനും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *