പറവൂർ നഗരസഭയുടെ ഹരിത ബൂത്തിലെ സെൽഫി പോയിന്റിൽ പ്രതിപക്ഷ നേതാവും നഗരസഭ ചെയർപേഴ്സനും സെൽഫി എടുത്തു

പറവൂർ: തിരഞ്ഞെടുപ്പിനെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമങ്ങളിൽ മുന്നിൽ നിൽക്കുന്ന പറവൂർ നഗരസഭ, കേസരി കോളേജിൽ ഒരുക്കിയ ഹരിത ബൂത്തിലെ സെൽഫി പോയിന്റ് ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീഷനും നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പും ഇവിടെ സെൽഫി എടുത്തത് ബൂത്തിലേക്ക് കൂടുതൽ ശ്രദ്ധ നേടാൻ കാരണമായി.പറവൂർ നഗരസഭയുടെ 135-ാം നമ്പർ ഹരിത ബൂത്തിലാണ് പ്രത്യേകമായി സെൽഫി പോയിന്റ് ഒരുക്കിയത്. വോട്ടർമാരെ ആകർഷിക്കുന്നതിനൊപ്പം ഹരിത സന്ദേശം പ്രചരിപ്പിക്കാനും ഇത് സഹായകമായി.തിരഞ്ഞെടുപ്പ് ദിനത്തിൽ ജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി എല്ലാ ബൂത്തുകളിലും 100 മീറ്റർ പരിധിയിൽ കുടിവെള്ള സൗകര്യം നഗരസഭ സജ്ജീകരിച്ചു. കൂടാതെ, ബൂത്തുകളിലെ മാലിന്യ നിർമാർജനത്തിനായി നഗരസഭ ഹരിതകർമ്മസേനയെ നിയോഗിച്ച് ശുചിത്വം ഉറപ്പാക്കി.പൊതുജനങ്ങളുടെ സൗകര്യാർത്ഥം പോളിംഗ് ബൂത്തുകളിൽ സ്റ്റൂളുകളും ഹരിത ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങളും സജ്ജീകരിച്ചതായി നഗരസഭ ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *