പൊലീസ് മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടമായി

ആലപ്പുഴ: പൊലീസിനെതിരെ വീണ്ടും പരാതികൾ ഉയർന്നുവരികയാണ്. ചേർത്തല സ്വദേശി അനൂപും ഇപ്പോൾ പൊലീസിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ്. പൊലീസ് മർദനത്തിൽ കേൾവി ശക്തി നഷ്ടമായതായാണ് അനൂപിന്റെ പരാതി. 2024 ഡിസംബർ 7നാണ് അനൂപും സുഹൃത്തുക്കളും ചേർന്ന് രാത്രി ഭക്ഷണം കഴിക്കാൻ ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് പോയത്. യാത്രാമധ്യേ വാഹനത്തിന് തകരാർ സംഭവിക്കുകയും വാഹനം നിന്നുപോവുകയും ചെയ്തു.റോഡിൽ വാഹനം നിർത്തിയത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരിക്കുമ്പോഴാണ് മറ്റൊരു പൊലീസ് സംഘം കൂടെ ഇവിടേക്ക് എത്തുന്നത്. പിന്നാലെ വാഹനം നടുറോഡിൽ നിർത്തിയെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നുവെന്നാണ് അനൂപ് പറയുന്നത്. മർദനത്തിനിടയിൽ അനൂപ് കമീഷണറുടെ സഹായം തേടിയതിനും വൈദ്യ പരിശോധനയ്ക്ക് ഇടയിൽ മർദന വിവരം ഡോക്ടറോട് പറഞ്ഞതിനും പൊലീസ് ഉദ്യോഗസ്ഥർ വീണ്ടും മർദിച്ചുവെന്നാണ് അനൂപ് പരാതിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *