കോഴിക്കോട്: കേരളത്തെ ഒരു മെഡിക്കൽ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘദർശിയായ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്. ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ 50 കോടി രൂപ അനുവദിച്ചത് അതിന്റെ ഉദാഹരണമാണ്. നമ്മുടെ സംസ്ഥാനത്ത് അത്യാധുനിക ചികിത്സാസംവിധാനങ്ങൾക്കൊപ്പം മാനസികസൗഖ്യത്തിനും വേണ്ട ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണുള്ളത്. ഈ ഘടകങ്ങളെ ഉപയോഗിച്ച്, കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ കിട്ടണമെന്ന് ആഗ്രഹിക്കുന്ന വിദേശികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാൻ ബജറ്റ് സഹായിക്കും. അങ്ങനെ സംസ്ഥാനത്തിന് മികച്ച വരുമാനം കണ്ടെത്താനും നിരവധിപേർക്ക് തൊഴിൽ നൽകാനും സാധിക്കും.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയിട്ടുള്ള സംസ്ഥാനം കേരളമാണ്. ഈ നേട്ടം അതേപടി തുടരാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.
കാൻസർ പരിശോധനയ്ക്കും ചികിത്സയ്ക്കും വേണ്ടി കൂടുതൽ നിക്ഷേപങ്ങൾ നടത്താനുള്ള തീരുമാനവും ഏറെ സന്തോഷം നൽകുന്നതാണ്. അർബുദം നേരത്തെ കണ്ടെത്താനും നിലവിലുള്ള ചികിത്സാകേന്ദ്രങ്ങൾ കൂടുതൽ വികസിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. എല്ലാ സർക്കാർ ആശുപത്രികളും കാൻസർ ചികിത്സയ്ക്കുള്ള മാതൃകാകേന്ദ്രങ്ങളാക്കി മാറ്റുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നതാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിൽ വന്ധ്യതാ ക്ലിനിക്കുകളും ആധുനിക ലാബുകളും തുടങ്ങാനുള്ള തീരുമാനം, കുട്ടികളില്ലാതെ വിഷമിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമാകും.
റഫറൽ ആശുപത്രികളിൽ രക്താതിസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ മെച്ചപ്പെട്ട ചികിത്സയ്ക്ക് പ്രത്യേക പദ്ധതി ആവിഷ്കരിച്ചതും സ്വാഗതാർഹമായ തീരുമാനമാണ്.
എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ വികസിപ്പിച്ചതും അഭിനന്ദനാർഹമായ നേട്ടമാണ്. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ വൃക്ക രോഗങ്ങളാൽ വലയുന്നവർക്ക് ഈ തീരുമാനം ഉപകരിക്കും.
ബിഎസ്‌സി നേഴ്സിങ്ങിന് 1020 അധിക സീറ്റുകൾ അനുവദിച്ചതും കൂടുതൽ നേഴ്‌സിങ് കോളേജുകൾ തുറക്കാനുള്ള തീരുമാനവും കേരളത്തിനകത്തും വിദേശരാജ്യങ്ങളിലും മലയാളികൾക്ക് ഗുണമുണ്ടാക്കും. ലോകമെമ്പാടും നേഴ്‌സുമാർക്ക് ക്ഷാമം നേരിടുന്ന കാലത്താണ് ഇങ്ങനെയൊരു മികച്ച തീരുമാനം സംസ്ഥാനം കൈക്കൊള്ളുന്നത് എന്ന് പ്രത്യേകം ഓർക്കേണ്ടതാണ്. ഉന്നത നിലവാരമുള്ള നേഴ്‌സിങ് ജീവനക്കാരെയാണ് കേരളം സൃഷ്ടിക്കുന്നത്. ലോകമെമ്പാടും മലയാളി നേഴ്‌സുമാർക്ക് ഉയർന്ന ഡിമാൻഡ് ആണ്. ഈ നീക്കം കേരളത്തിൽ നിന്നുള്ള നേഴ്‌സുമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സംസ്ഥാനത്തിനകത്തെ ചികിത്സാസൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.
ചുരുക്കത്തിൽ, ആരോഗ്യരംഗത്തെ ഇന്നത്തെ ആവശ്യങ്ങളും നാളത്തെ അവസരങ്ങളും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്.