ചികിത്സാ പിഴവ്; കാഴ്ച നഷ്ടപ്പെട്ട സനൂപിന് കരുതലായി കെ.സി. വേണുഗോപാൽകോവൈ അരവിന്ദ് കണ്ണാശുപത്രിയിലെ മുഴുവൻ ചികിത്സാചിലവും ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം

ചികിത്സാ പിഴവിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട സനൂപിന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ ഒരു പുതിയ പ്രകാശമായി എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ മുന്നോട്ട് വന്നു. കോവൈയിലെ പ്രശസ്ത കണ്ണാശുപത്രിയായ അരവിന്ദ് കണ്ണാശുപത്രിയിൽ നടത്തേണ്ട മുഴുവൻ ചികിത്സാചിലവും താൻ ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കെപിസിസി ആക്ടിംഗ് പ്രസിഡൻ്റ് എ പി അനിൽ കുമാർ എംഎൽഎയാണ് ഈ വിവരം കുടുംബത്തെ അറിയിച്ചത്.രാജ്യത്തെ തന്നെ മുൻനിര കണ്ണാശുപത്രികളിലൊന്നായ അരവിന്ദിൽ, സനൂപിന് ആദ്യഘട്ടത്തിൽ സ്മാർട്ട് കണ്ണാടി ഉപയോഗിച്ച് കാഴ്ചപരിമിതിയെ മറികടക്കാനുള്ള പ്രത്യേക പരിശീലനം നൽകും. തുടർന്ന് കാഴ്ച പൂർണ്ണമായും വീണ്ടെടുക്കാനുള്ള മറ്റ് ചികിത്സാ സാധ്യതകളും വിദഗ്ധർ പരിശോധിക്കും. നിലവിൽ കണ്ണ് പൂർണ്ണമായി മാറ്റിവെക്കുന്നതിനുള്ള ചികിത്സ നമ്മുടെ രാജ്യത്ത് ലഭ്യമല്ലെന്നതാണ് യാഥാർത്ഥ്യം.തൃശ്ശൂരിലെ അമല മെഡിക്കൽ കോളേജ് കണ്ണ് ചികിത്സാ വിഭാഗം മേധാവിയുടെ ശുപാർശപ്രകാരം അടിയന്തിര പ്രാധാന്യത്തോടെ മാർച്ച് 2-ന് അരവിന്ദ് ആശുപത്രിയിൽ പ്രവേശന സൗകര്യം ഒരുക്കിയിട്ടുണ്ട്. അന്നേ ദിവസം തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സനൂപിനെ കോവൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.കാഴ്ച നഷ്ടപ്പെട്ട നിമിഷം മുതൽ ഇരുണ്ടുപോയ ഒരു കുടുംബത്തിന്റെ ജീവിതത്തിൽ, ഈ ഇടപെടൽ വീണ്ടും വെളിച്ചം തെളിയിക്കുന്ന പ്രതീക്ഷയായി മാറുകയാണ്. സനൂപിന്റെ കണ്ണുകളിൽ വീണ്ടും പ്രകാശം മടങ്ങിയെത്തട്ടെയെന്ന പ്രാർത്ഥനയോടെ നാട്ടുകാരും ബന്ധുക്കളും കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *