ജൈവവൈവിധ്യ സംരക്ഷണം-അന്തർദേശീയ സമ്മേളനത്തിന് കാർഷിക കോളേജിൽ തുടക്കമായി

വെള്ളായണി കാർഷിക കോളേജിൽ രണ്ടുദിവസത്തെ കേരള അഗ്രോ ബയോഡൈവേഴ്സിറ്റി കോൺഫറൻസ്–2025 (KAbCon-2025) സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളം ഒരു ‘സസ്യജനിതക സ്വർഗ്ഗം’ ആണെന്നും ഈ സമ്പത്ത് സംരക്ഷിക്കാൻ നൂതന ശാസ്ത്രീയ സാങ്കേതിക ഇടപെടലുകൾ അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. രക്തചന്ദനം, വെള്ള പൈൻ, അകിൽ, കൊളഞ്ഞി, രുദ്രാക്ഷം എന്നീ വംശനാശ ഭീഷണി നേരിടുന്ന അഞ്ചു സംരക്ഷിത സസ്യങ്ങളുടെ തൈകൾ നട്ടാണ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവായ പത്മശ്രീ എം. സി. ദത്തൻ പ്രത്യേക പ്രഭാഷണത്തിൽ കർഷകർ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മുൻനിർത്തിയുള്ള ഗവേഷണങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുവാൻ കാർഷിക സർവകലാശാല പ്രത്യേകം ഊന്നൽ നൽകണമെന്ന് അഭിപ്രായപ്പെട്ടു. സസ്യ ഇനങ്ങൾ & കർഷക അവകാശ അതോറിറ്റി ചെയർപേഴ്സനും കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന്റെ (DARE) മുൻ ഗവൺമെന്റ് സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ മുൻ ഡയറക്ടർ ജനറലുമായ ഡോ. ത്രിലോചൻ മൊഹപത്ര, കർഷകരായ പത്മശ്രീ ചെറുവയൽ രാമൻ, പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. കെ എൻ അനിത്, കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ, സംസ്ഥാന ആസൂത്രണ ബോർഡ് അഗ്രി ചീഫ് നാഗേഷ് എസ് എസ്, ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ബീന ആർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി KAbCon-2025 സംഗ്രഹ പുസ്തകം പത്മശ്രീ എം. സി. ദത്തൻ, ഡോ. ത്രിലോചനൻ മോഹപത്രയ്ക്ക് കൈമാറി ക്കൊണ്ട് പ്രകാശനം ചെയ്തു. തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനിതക സംരക്ഷകരായ കർഷകരെ ഡോ. ത്രിലോചൻ മോഹപത്ര പൊന്നാട അണിയിച്ച് ആദരിച്ചു.വെള്ളായണി തടാക പരിസ്ഥിതി പുനരുജ്ജീവനവും കാർഷിക ജൈവവൈവിധ്യ സംരക്ഷണവും എന്ന വിഷയത്തിൽ ഒരു വീഡിയോ അവതരണവും നടത്തി. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമുള്ള പ്രമുഖ ശാസ്ത്രജ്ഞർ, നയരൂപീകരണ വിദഗ്ധർ, കർഷക പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന വിദഗ്ധ പാനലുകളുടെ നേതൃത്വത്തിൽ സുസ്ഥിരകൃഷി, കാലാവസ്ഥ അനുയോജ്യത, ഭക്ഷ്യ പോഷക സുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അക്കാദമികവും നയപരവുമായ ചർച്ചകളും, ഗവേഷണ പ്രബന്ധ അവതരണങ്ങളും രണ്ടുദിവസമായി നടക്കുന്ന സമ്മേളനത്തിൽ ഉണ്ടായിരിക്കും. 23ന് നടക്കുന്ന ജൈവ വൈവിധ്യ നയ രൂപീകരണ ശില്പശാലയും സമാപന സമ്മേളനവും കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി വിത്തുമേള, കർഷകരുടെ അനുഭവ വിവരണങ്ങൾ, മാതൃകാ ജൈവവൈവിധ്യ ഫീൽഡ് സന്ദർശനം, കലാസന്ധ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *