വാഹന വകുപ്പിന്റെ സേഫ് സോൺ പട്രോളിംഗ് കർശനമാക്കി

പീരുമേട്:ശബരിമല തീർത്ഥാടന കാലത്തെ അപകടങ്ങൾക്ക് അറുതി വരുത്തുവാൻ പുതിയ നടപടിക്രമങ്ങളുമായി മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പട്രോളിംഗ് ശക്തമാക്കി.മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്ന മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള ദേശിയ പാതയിൽ പരിശോധനകൾ കർശനമാക്കി. രാത്രി വരുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി ഡ്രൈവർമാർക്ക് നിർദ്ദേശം നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.ശബരിമല തീർഥാടകർ കടന്നു പോകുന്ന പ്രദേശത്തെ റോഡുകളെ ആറായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടിക്കാനം- മുണ്ടക്കയം, കുട്ടിക്കാനം- വണ്ടിപ്പെരിയാർ, കുട്ടിക്കാനം- മാട്ടുക്കട്ട, കുമളി- സത്രം, വണ്ടിപ്പെരിയാർ- സത്രം, മാട്ടുക്കട്ട- കമ്പംമെട്ട് എന്നിങ്ങനെയാണ് പാതകൾ തരംതിരിച്ചിരിക്കുന്നത്. 24 മണിക്കുറും പ്രവർത്തിക്കുന്ന സേഫ് സോൺ പദ്ധതി വഴി റോഡ് സുരക്ഷ ഉറപ്പാക്കാനും തീർഥാടകർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി 24 മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ ആറു വാഹനങ്ങളിലായി ഈ റോഡുകളിൽ റോന്തുചുറ്റും. മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖകൾ, വാഹനങ്ങളിൽ പതിപ്പിക്കന്ന സ്റ്റിക്കറുകൾ തുടങ്ങിയവ വിതരണം ചെയ്യും. മുഴുവൻ സമയവും സഹായങ്ങൾ ലഭ്യമാക്കുന്നതിന് ഹെൽപ്പ് ലൈൻ നമ്പറുകൾ ഇതിലൂടെ തീർഥാടകർക്ക് കൈമാറും. റോഡിൽ തകരാറിലാകുന്ന വാഹനങ്ങൾക്കായി മൊബൈൽ വർക്ഷോപ്പും ക്രയിൻ സംവിധാനവും ഒരുക്കും. അപകടത്തിൽ പെടുന്നവരെ ആശുപത്രികളിലെത്തിക്കാൻ ആംബുലൻസ് സൗകര്യവും പദ്ധതിയുടെ ഭാഗമായി സജ്ജമാണ്. റോഡ്‌പരിചയമില്ലാതെയെത്തുന്ന ഇതര സംസ്ഥാന ഡ്രൈ വർമാർക്ക് റോഡിനെ കൊടും വളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ റോഡിനെ കുറിച്ച് മുന്നറിയിപ്പുകളും നൽകും. കുട്ടിക്കാനത്തിന് പുറമെ എരുമേലി, ഇലവുങ്കൽ എന്നിവിടങ്ങളിലും സേഫ് സോൺ സേവനമുണ്ട്.എന്നാൽ ശബരിമല സീസൺ ആരംഭിച്ചതിനു ശേഷം തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടതോടെ സുരക്ഷ കൂടുതൽ ശക്തമാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെ ന്ന് സേഫ് സോണിന്റെ ചാർജുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എസ്മനുമോൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *