വൈക്കം: ലോകത്തിലെ ഏറ്റവും ചെറിയ പശുവര്‍ഗമെന്നു പേരുകേട്ട വെച്ചൂര്‍ പശുക്കളുടെ സംരക്ഷണ കേന്ദ്രം വൈക്കത്ത് ആരംഭിക്കുന്നു. ഏഴു വര്‍ഷമായി ആറാട്ടുകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആംറോ ഡയറീസ് എന്ന ഗിര്‍ പശു ഫാമിന്റെ പുതിയ സംരഭമായാണ് വെച്ചൂര്‍ പശു സംരക്ഷണ കേന്ദ്രം ആരംഭിക്കുന്നത്. ഇവയുടെ സംരക്ഷണം, പ്രചനനം, ഉല്‍പന്നങ്ങളുടെ വിതരണം, ഗവേഷണം തുടങ്ങിയവയെല്ലാം ഈ കേന്ദ്രത്തില്‍ നടക്കും. ഇതിനാവശ്യമായ സുസജ്ജമായ ലബോറട്ടറി സൗകര്യങ്ങളും ഫാമിലുണ്ട്. കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നവസംരംഭകര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങളും മാനേജ്‌മെന്റ് പരിശീലനങ്ങളും നല്‍കുന്നതിനായി ആംറോ സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന സ്ഥാപനത്തിനും ഇതോടൊപ്പം തുടക്കം കുറിക്കും. ആറോ ഡയറീസിന്റെ മുന്നൂറോളം ഗിര്‍ പശുക്കളുള്ള അഗ്രി ടൂറിസം ഫാം ഇലഞ്ഞിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എ2 പാല്‍, നെയ്യ്, യോഗര്‍ട്ട് തുടങ്ങിയവ വിപണിയില്‍ ലഭ്യമാണ്. ആംറോ ഡയറീസ് വെച്ചൂര്‍ പശു കണ്‍സര്‍വേഷന്‍ സെന്ററിന്റെയും ആംറോ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെയും ഉദ്ഘാടനം 30ന് രാവിലെ 8.30ന് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കും. ആറാട്ടുകുളങ്ങരയിലെ ഫാം സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് അനില്‍, കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ആര്‍ രാജീവ്, ആംറോ ഡയറീസ് ചെയര്‍മാന്‍ മുരളീധരന്‍ നായര്‍, സി.ഇ.ഒ സീന മുരളീധരന്‍, ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ജയദേവന്‍ നമ്പൂതിരി, മാനേജര്‍ അജിത് ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *