കടുത്തുരുത്തി: ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയും എം.എല്‍.എ.യുമായി കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ.ജോസഫിന്റെ ജീവചരിത്രം ‘പി.ജെ.ജോസഫ്; കാലഘട്ടത്തിന് മുന്‍പേ സഞ്ചരിച്ച കര്‍മ്മയോഗി’ സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച പ്രകാശനം ചെയ്യും.കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ ആറു പതിറ്റാണ്ടിലെ ഒട്ടേറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ജീവചരിത്രം പുറത്തിറങ്ങുന്നത്. അമ്പത്തിയഞ്ചോളം പുസ്തകങ്ങളുടെ രചയിതാവും, കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി അംഗവുമായ ഡോ. ജോബിന് എസ്. കൊട്ടാരമാണ് പുസ്തകം രചിച്ചിരിക്കുന്നത്.ഉച്ചകഴിഞ്ഞ് 2.30 ന് ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനത്തെ സന്ദേശനിലയം ഹാളില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ ജീവചരിത്രം പ്രകാശനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ., ഫ്രാന്‍സിസ് ജോര്‍ജ് എം.പി., മോന്‍സ് ജോസഫ് എം.എല്‍.എ., ജോബ് മൈക്കിള്‍ എം.എല്‍.എ., മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസ്, കെ.പി. സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം, കെ.സി.ജോസഫ്, എസ്.ബി.കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പില്‍, സീറോ മലബാര്‍ സഭ ഉന്നത വിദ്യാഭ്യാസ കമ്മറ്റി സെക്രട്ടറി റവ. ഫാ. റെജി പ്ലാത്തോട്ടം, കേരള കോണ്‍ഗ്രസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, ഗ്രന്ഥകാരന് ഡോ. ജോബിന് എസ്. കൊട്ടാരം എന്നിവര്‍ പ്രസംഗിക്കും.പ്ലസ് ടു നടപ്പിലാക്കിയതു വഴിയായി കേരളത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് അവസരമൊരിക്കിയതിനെക്കുറിച്ചും, നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ച് സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകള്‍ അടക്കം പ്രൊഫഷണല്‍ കോഴ്സുകള്‍ ആരംഭിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പൊളിച്ചെഴുത്ത് നടത്തിയതിനെക്കുറിച്ചും, മുപ്പത്തിയാറാം വയസില്‍ ആഭ്യന്തരമന്ത്രിയായതിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ചും, ലോകബാങ്ക് എന്ന് കേട്ടാല്‍ ഒരു വിഭാഗം മുഖംതിരിച്ചു നിന്ന കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരുന്ന നായനാരും, വേള്‍ഡ് ബാങ്ക് ഇന്ത്യാ മേധാവിയും തമ്മില്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ അത്താഴവിരുന്നില്‍ കൂടിക്കാണുന്നതിന് വേണ്ട സാഹചര്യം ഒരുക്കി കേരളത്തില്‍ രാജ്യാന്തര നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കുന്നതിന് രണ്ടായിരം കോടി രൂപാ അനുവദിപ്പിച്ചതും, ആഭ്യന്തരമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അന്നത്തെ ഐ.ജി.യായിരുന്ന വി.എന്‍.രാജനെ മാറ്റാനിടയായ സാഹചര്യങ്ങളും, കെ.കരുണാകരനുമായി ചേര്‍ന്ന് യു.ഡി.എഫിന് രൂപം നല്‍കിയതിനെക്കുറിച്ചും, 1982 ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഭരണം പിടിക്കേണ്ടതിന് ഇന്ദിരാഗാന്ധിയുമായി ചേര്‍ന്ന് സമഗ്ര പദ്ധതി ആവിഷ്ക്കരിച്ചതും, ഇന്ദിരാഗാന്ധിയുമായുള്ള ബന്ധത്തെക്കുറിച്ചും, വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം ഈ ജീവചരിത്രഗ്രന്ഥത്തില്‍ വിശദമായ പരാമര്ശമുണ്ട്എണ്പതുകളുടെ അവസാനവും, തൊണ്ണൂറുകളുടെ ആദ്യ പകുതിയിലുമായി മൈത്രി ഭവനപദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചത് എ.കെ.ആന്റണി, കെ.കരുണാകരന്, ഇ.കെ.നായനാര്‍, വി.എസ്.അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി എന്നിങ്ങനെ അഞ്ച് മുഖ്യമന്ത്രിമാര്‍ക്കൊപ്പം ഏഴ് മന്ത്രിസഭകളില്‍ അംഗമായിരുന്ന പി.ജെ.ജോസഫ് തന്റെ ഏറ്റവും വലിയ നേട്ടമായി ഈ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു.പത്രസമ്മേളനത്തില്‍ ഗ്രന്ഥകാരന് ഡോ. ജോബിന് എസ്. കൊട്ടാരം, പുസ്തക പ്രകാശന സ്വാഗതസംഘം കണ്‍വീനര്‍മാരായ , വി.ജെ.ലാലി, സി.ഡി.വല്‍സപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
പി.ജെ.ജോസഫിന്റെ ജീവചരിത്രം പുറത്തിറങ്ങുന്നു. പ്രകാശനം വെള്ളിയാഴ്ച
