തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ കാസര്‍കോട് തുടക്കം. വിഴിഞ്ഞവും ദേശീയപാത വികസനവും പ്രധാന നേട്ടങ്ങളായി അവതരിപ്പിച്ച് വീണ്ടുമൊരു തുടര്‍ഭരണമാണ് ലക്ഷ്യം. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് കോടികളാണ് ചെലവ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ സര്‍ക്കാരിന്‍റെ ധൂര്‍ത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പരിപാടികളില്‍ സഹകരിക്കില്ല.നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ, മൂന്നാം തവണയ്ക്കുള്ള മുന്നൊരുക്കം കൂടിയാണ് സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷം. തുടര്‍ഭരണത്താല്‍ ഒമ്പതാം വര്‍ഷവും പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ തുടരുകയാണ്. നവകേരളത്തിന്‍റെ വിജയമുദ്രകള്‍ പുറത്തിറക്കിയാണ് ഭരണനേട്ടം പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് പോകുന്നത്.നാലാം വാര്‍ഷിക ആഘോഷത്തിന് പൊടിക്കുന്നത് കോടികളാണ്. മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ ബോര്‍ഡുകളാണ് സംസ്ഥാന വ്യാപകമായി ഉയര്‍ത്തുക. ഇതിന് മാത്രം ചെലവ് 15 കോടിയിലേറെയാണ്. ഇവയുടെ ഡിസൈനിങ്ങിന് മാത്രം പത്ത് ലക്ഷം രൂപയാണ് ചെലവ്. ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മൂന്ന് കോടി മുപ്പത് ലക്ഷം രൂപയാണ് ചെലവ്. റെയില്‍വെ, കെഎസ്ആര്‍ടിസി എന്നിവിടങ്ങളില്‍ പരസ്യം നല്‍കാന്‍ ഒരു കോടി. ഇങ്ങനെ വാര്‍ഷികാഘോഷത്തിന്‍റെ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപ.ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലകള്‍ തോറും ശീതീകരിച്ച പന്തലുകള്‍ ഒരുക്കാന്‍ മൂന്ന് കോടിയോളം രൂപയാണ് ചെലവാക്കുന്നത്. ടൂറിസം വകുപ്പിന്‍റെ സ്റ്റാളിനായി ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയാണ് ചെവല്. ജില്ലാതല യോഗങ്ങള്‍ക്കായി 42 ലക്ഷവും സാംസ്കാരിക പരിപാടികള്‍ക്കായി 2 കോടി പത്ത് ലക്ഷവും . ധൂര്‍ത്തെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും വിശാലമായ പ്രോഗ്രസ് കാര്‍ഡ് ഇറക്കിയാണ് പ്രതിരോധം. സംഘടനാ ശേഷിയും പ്രതിപക്ഷത്തെ തമ്മിലടിയും വഴി ഭരണവിരുദ്ധവികാരം മറികടന്ന് മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന കണക്കുകൂട്ടലിലാണ് സിപിഎം.
വാർഷിക ആഘോഷങ്ങൾക്കായി കോടികളുടെ ധൂർത്തിനൊരുങ്ങി പിണറായി സർക്കാർ
