സമൃദ്ധി കാർഷിക മേളയ്ക്കു തുടക്കം

.തലയോലപ്പറമ്പ്: നാടിൻ്റെ സമ്പന്നമായ കാർഷിക സംസ്കൃതിയെക്കുറിച്ച് പുതിയ തലമുറകൾക്ക് അറിവു നൽകുന്നതിനും മണ്ണിനും മനുഷ്യനും ദോഷകരമല്ലാത്ത കൃഷിരീതികളോട് ആഭിമുഖ്യം വളർത്തുന്നതിനും ഗ്രാമതല കാർഷികമേളകൾ സഹായകരമാണെന്ന് സംസ്ഥാന തുറമുഖ , സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് സെൻ്റ് ജോർജ് പാരീഷ് ഫാമിലി യൂണിയൻ, സഹൃദയ യുടേയും, തലയോലപ്പറമ്പ് പൗരാവലിയുടേയും സഹകരണത്തോടെ സംഘടിപ്പിച്ച കാർഷികമേള സമൃദ്ധി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനൊപ്പം മത, സാമുദായിക സംഘടനകളും സന്നദ്ധപ്രസ്ഥാനങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നത് നാടിൻ്റെ വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തലയോലപ്പറമ്പ് സെ. ജോർജ് പള്ളി വികാരി ഫാ.ഡോ. ബന്നി ജോൺ മാരാംപറമ്പിൽ അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസെൻ്റ്, കൈക്കാരൻ തങ്കച്ചൻ കളമ്പുകാട്, ഇമ്മാനുവൽ അരയത്തേൽ, ഷേർലി ജോസ് വേലിക്കകത്ത് എന്നിവർ സംസാരിച്ചു. അടുക്കളത്തോട്ടത്തെക്കുറിച്ചുള്ള സെമിനാർ കൃഷി വകുപ്പ് റിട്ട. ജോയിൻ്റ് ഡയറക്ടർ കെ.ജെ. ഗീതയും കേക്ക് നിർമാണത്തെക്കുറിച്ചുള്ള സെമിനാർ ഷെഫ് ജിഷോ കാരിമറ്റവും ക്ഷീരവികസന സെമിനാർ റിട്ട. ജോയിൻ്റ് ഡയറക്ടർ ഡോ. കെ. സോമനും നയിച്ചു. വൈകുന്നേരത്തെ കലാസന്ധ്യ സിനിമാതാരം ജയൻ ചേർത്തല ഉദ്ഘാടനം ചെയ്തു.കാർഷിക ഉത്പന്നങ്ങൾ, സംഘങ്ങളിൽ തയ്യാറാക്കിയ നാടൻ ഭക്ഷ്യ വസ്തുക്കൾ, മാലിന്യ സംസ്കരണ ഉപാധികൾ, ആയുർവേദ ഉത്പന്നങ്ങൾ തുടങ്ങിയവ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. രാവിലെ 10-ന് ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ, ഗൃഹമാലിന്യ സംസ്കരണ സെമിനാർ, ആയുർവേദ ആരോഗ്യ സെമിനാർ എന്നിവ നടക്കും. സ്പർശൻ മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേളയോടെമേള ഇന്ന് വൈകിട്ട് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *