ക്രിക്കറ്റ് മേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ കൊച്ചി ബ്ലൂഗൈടേഴ്‌സ്; ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്‌സ് ക്രിക്കറ്റ് ഇനി കേരളത്തിലും

Kerala Uncategorized

കൊച്ചി: അമച്വര്‍ ക്രിക്കറ്റിനെ പ്രോത്സാഹിപിക്കുന്നതിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എ.ബി ഡിവില്ലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്‌സ് ക്രിക്കറ്റ് ഇനി കേരളത്തിലും സജീവമാകും. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചിയുടെ ഔദ്യോഗിക ടീമായ കൊച്ചി ബ്ലൂടൈഗേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്‌സ് ടി20 ലീഗ് കേരളത്തില്‍ നടക്കുക. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിങ് വേദിയിലാണ് ബ്ലൂ ടൈഗേഴ്‌സ് ടീം മാനേജ്‌മെന്റ് പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം നടത്തിയത്. കൊച്ചി ബ്ലൂടൈഗേഴ്‌സിന്റെ ഉടമയും സിനിമാ നിര്‍മ്മാതാവും ധോണി ആപ്പിന്റെ ഫൗണ്ടറുമായ അഡ്വ. സുഭാഷ് മാനുവലാണ് ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്‌സ് ടി20 കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ എത്തിക്കുന്നത്.

കേരളത്തിന്റെ ക്രിക്കറ്റ് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകരുന്നതിനോട് ഒപ്പം നമ്മുടെ ക്രിക്കറ്റ് രംഗത്തെ ആഗോളതലത്തിലേക്ക് വളര്‍ത്തുവാനും ഇതിലൂടെ സാധിക്കുമെന്ന് സുഭാഷ് മാനുവല്‍ പറഞ്ഞു. സെലിബ്രിറ്റീസ്, പ്രൊഫഷണല്‍സ് തുടങ്ങി ക്രിക്കറ്റ് താരങ്ങള്‍ക്ക് വരെ സംസ്ഥാന, ദേശിയ, അന്തര്‍ദേശിയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുമെന്നും കേരളത്തില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ടി20 ലീഗില്‍ വിജയിക്കുന്നവര്‍ക്ക് ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്‌സിന്റെ ദേശിയ മത്സരമായ ഇന്ത്യന്‍ സൂപ്പര്‍ സീരിയസില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. ദേശിയ തലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്ക് 14 രാജ്യങ്ങള്‍ പങ്കെടുക്കുന്ന അമച്വര്‍ വേള്‍ഡ് കപ്പിലേക്ക് പ്രവേശനം ലഭിക്കുമെന്നതാണ് പ്രത്യേകത. ഈ വര്‍ഷം നടന്ന അമച്വര്‍ വേള്‍ഡ് കപ്പില്‍ യുകെയില്‍ നിന്ന് തെരഞ്ഞെടുത്ത ടീമാണ് എംഎംഎം സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ സുഭാഷ് മാനുവല്‍ ക്യാപ്റ്റനായ ബ്ലൂ ടൈഗേഴ്‌സ് യു.കെ അമച്വര്‍ ടീം. കേരളത്തില്‍ ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് ക്രിക്കറ്റിലേക്ക് എത്തുവാനും അതിലൂടെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒപ്പം കളിക്കാനുള്ള അവസരവും ലഭിക്കുമെന്നും ബ്ലൂടൈഗേഴ്‌സ് ടീം മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *