ദോഹ : ദോഹയിലെ കലാ-സാഹിത്യാസ്വാദകരെയും സാംസ്കാരിക പ്രവർത്തകരെയുമെല്ലാം പങ്കെടുപ്പിച്ച് ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോൽസവം 4ന് വ്യാഴാഴ്ച തുടക്കമാവും. ഐഡിയൽ ഇന്ത്യൻ സ്‌കൂളിലെ അൽ ഖമർ ഹാളിനാണ് പരിപാടി. പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ പ്രൊഫ. കെ. ഇ. എൻ കുഞ്ഞഹമ്മദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ സാഹിത്യാധ്യാപകനും ഭാഷാവിദഗ്‌ധനുമായ ഡോ.അശോക് ഡിക്രൂസ്, കവിയും വിവർത്തകനും അധ്യാപകനുമായ കെ.ടി.സൂപ്പി, മലയാളത്തിലെ ശ്രദ്ധേയയായ എഴുത്തുകാരി ഷീല ടോമി എന്നിവരും ഫെസ്റ്റിൽ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.സമാപനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ഗായകസംഘമായ സമീർ ബിൻസി, ഇമാം മജ്‍ബൂർ ടീമിന്റെ ലൈവ് സംഗീതസായാഹ്‌നവും അരങ്ങേറും. വ്യാഴാഴ്ച വൈകീട്ട് 6.30 ന് ആരംഭിച്ച് വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംവിധാനിച്ചിരിക്കുന്നത്. കല-ജീവിതം -സമൂഹം, രചനയുടെ രസതന്ത്രം, എഴുത്തിലെ പുതിയ സങ്കേതങ്ങൾ, പരീക്ഷണങ്ങൾ, എന്നീ ശില്പശാലാ സെഷനുകളാണ് ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ 5ന്, വെള്ളിയാഴ്ച്ച രാവിലെ 9ന് പുനരാരംഭിക്കുന്ന പരിപാടിയിൽ എഴുത്തുകാരുമായുള്ള മുഖാമുഖം, കവിതയുടെ മണ്ണും ആകാശവും, എഴുത്തുകാരന്റെ പണിപ്പുര, പുതിയകാല ഭാഷ- സാഹിത്യം- നവമാധ്യമങ്ങൾ – സാധ്യതകൾ എന്നീ സെഷനുകളും ഉണ്ടായിരിക്കും. ഏഴ് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. വെള്ളിയാഴ്ച്ച വൈകീട്ട് 4.30 ഓടെ അവസാനിക്കുന്ന സാഹിത്യശിൽപശാല സെഷനുകൾക്ക് ശേഷമാവും പൊതുസമ്മേളനവും സമീർ ബിൻസി- ഇമാം മജ്ബൂർ സംഘം നയിക്കുന്ന സംഗീതസായാഹ്നവും നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഖിയാഫ് സോഷ്യൽ മീഡിയ പേജ് സന്ദർശിച്ച് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോത്സവത്തിന് വ്യാഴാഴ്ച തുടക്കം
