ഖത്തറിൽ സുഹൈൽ ഫാൽക്കൺ ഫെസ്റ്റിവൽ സെപ്തംബർ രണ്ടാം വാരം മുതൽ

ദോഹ: മേഖലയിലെ ഫാൽക്കൺ പ്രേമികളുടെ ഉത്സവകാലമായ ‘സുഹൈൽ’ ഫാൽക്കൺ മേളക്ക് സെപ്റ്റംബർ 10 മുതൽ 14 വരെ കതാറ കൾചറൽ വില്ലേജ് വേദിയാകും. മുന്തിയ ഇനം ഫാൽക്കൺ പക്ഷികളുടെ വിൽപനയും പ്രദർശനവുമാണ് മേളയുടെ പ്രധാന ആകർഷണം. ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺസ് ഒമ്പതാമത് എക്സിബിഷൻ മുൻവർഷത്തേക്കാൾ കൂടുതൽ പ്രദർശനസ്ഥലവും അന്താരാഷ്ട്ര പങ്കാളിത്തവും ഉറപ്പാക്കിയാണ് സംഘടിപ്പിക്കുന്നത്. 2017 മുതലാണ് കതാറ കൾചറൽ വില്ലേജിന്റെ നേതൃത്വത്തിൽ സുഹൈൽ ഫാൽക്കൺ മേള ആരംഭിച്ചത്. യു.എ.ഇ ഫാൽക്കൺ ക്ലബ്, സൗദി അറേബ്യയിലെ റിസർവുകൾ എന്നിവ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. മുൻ വർഷത്തേക്കാൾ 1,500 ചതുരശ്ര മീറ്റർ കൂടി കൂട്ടിച്ചേർത്ത്, മൊത്തം പ്രദർശനസ്ഥലം 15,000 ചതുരശ്ര മീറ്ററായി വികസിപ്പിച്ചു. വരാനിരിക്കുന്ന പ്രദർശനം ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കുമെന്ന് എക്സിബിഷൻ മാനേജർ അബ്ദുൽ അസീസ് അൽ ബുഹാഷാം അൽ സയീദ് പറഞ്ഞു.420 അപേക്ഷകരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 260ലധികം പ്രാദേശിക, അന്താരാഷ്ട്ര കമ്പനികൾ ഈ വർഷം പങ്കെടുക്കുന്നുണ്ട്. എല്ലാ പവലിയനുകളും പൂർണമായി ബുക്ക് ചെയ്തതായും പ്രത്യേക പരിപാടികളുടെ ആഗോള പട്ടികയിൽ പ്രദർശനത്തിനുള്ള പ്രത്യേകസ്ഥാനം ഇത് ഉറപ്പാക്കുന്നതായും അൽ ബുഹാഷാം അൽ സയീദ് പറഞ്ഞു. അരങ്ങേറ്റക്കാരായ അയർലൻഡ്, ഹംഗറി, റഷ്യ ​തുടങ്ങിയവർ ഉൾപ്പെടെ 21 രാജ്യങ്ങളിൽ നിന്നായി സ്റ്റാളുകൾ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സ്പെയിനിൽ നിന്നുള്ള പ്രത്യേക പവലിയനും ഇത്തവണത്തെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *