അബുദാബി വാഹനാപകടം നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി: അബുദാബി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.എട്ടുവയസ്സുകാരനായ അസാം ബിൻ അബ്‌ദുൾ ലത്തീഫിന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമത്തിലായിരുന്നു ഇന്നലെ രാത്രിയും തിങ്കളാഴ്ച പകൽ മുഴുവനും ഡോക്ടർമാർ. പ്രാർഥനകളേയും പരിശ്രമങ്ങളേയും തോൽപിച്ച് വൈകുന്നേരത്തോടെ അസാം വിടപറഞ്ഞു. മലപ്പുറം തിരൂർ സ്വദേശി അബ്ദുൾ ലത്തീഫിൻ്റെയും റുക്‌സാനയുടെയും മക്കളായ അഷസ്, അമ്മാർ, അയാഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. അഞ്ചു മക്കളുള്ള ലത്തീഫിനും റുക്‌സാനയ്ക്കും പത്തുവയസ്സുകാരിയായ ഇസ്സ-യെ മാത്രമാണ് തിരിച്ചു കിട്ടിയത്.അബ്ദുൽ ലത്തീഫും റുക്‌സാനയും അബുദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്. അബൂദാബി-ദുബൈ റോഡിൽ ഷഹാമക്കടുത്താണ് അപകടമുണ്ടായത്. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ യു.എ.ഇയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *