നിലയ്ക്കാത്ത രാഷ്ട്രീയ പോരാട്ടങ്ങളുടെ തുടരാഖ്യാനങ്ങളായിരുന്നു വി എസിനെ കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പൊതുമണ്ഡലത്തിലും അടയാളപ്പെടുത്തിയത്. വി എസ് എന്നും ശബ്ദമുയര്‍ത്തിയിട്ടുളളത്, മുഷ്ടി ചുരുട്ടിയിട്ടുളളത് നാടിന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു.നിലപാടുകളിൽ ഉറച്ചു നിന്ന വി എസ് ജനകീയ സമരങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു. പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കക്കോളയുടെ ബോട്ലിംഗ് പ്ലാന്റിനെതിരെ നടന്ന സമരം അതിലൊന്നായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് പ്ലാച്ചിമട സമരമുഖത്ത് നേരിട്ട് എത്തിയാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്.
വിഎസിന്റെ ഒറ്റവാക്കിൽ മമ്മൂട്ടി നിരസിച്ചത് 2 കോടി

അന്ന് കൊക്കക്കോളയുടെ ബ്രാൻഡ് അംബാസഡറായി അവർ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. അദ്ദേഹം ആ ഓഫർ സ്വീകരിക്കുകയും കമ്പനി പ്രഖ്യാപനം നടത്തുകയും ചെയ്തു. 2 കോടി രൂപയാണ് മമ്മൂട്ടിക്ക് കമ്പനി ഓഫര്‍ ചെയ്തത് എന്നാണ് അന്നത്തെ വാര്‍ത്തകളില്‍ വന്നത്. ഒരു പരസ്യതാരമാകാന്‍ തെന്നിന്ത്യയിലെ ഒരു സിനിമാ താരത്തിന് അന്ന് ഓഫര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയാണത് എന്നും പറയുന്നു.
അന്ന് ഇടതുപക്ഷ ചാനലായ കൈരളിയുടെ ചെയര്മാന് കൂടിയാണ് ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടി. വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന തൊട്ടടുത്ത ദിവസം കോട്ടയം ഗസ്റ്റ് ഹൗസില്‍ വെച്ച് പ്രതിപക്ഷ നേതാവായ വിഎസ് മാധ്യമങ്ങളെ കാണുന്നതിനിടെ ഒരു മാധ്യമപ്രവര്ത്തകന് ഇതേക്കുറിച്ച് വിഎസിനോട് ചോദിച്ചു. ‘കൈരളി ചാനലിന്റെ ചെയർമാനായ മമ്മൂട്ടി കൊക്കകോളയുടെ ബ്രാൻഡ് അംബാസഡറാകുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്’. ഒട്ടും ആലോചിക്കാതെ ഉടനടി വി എസിന്റെ മറുപടി വന്നു. ‘രണ്ടും കൂടി പറ്റില്ല, ഒന്നുകിൽ മമ്മൂട്ടിക്ക് കൈരളിയുടെ ചെയർമാനായി തുടരാം, അല്ലെങ്കിൽ കൊക്കകോളയുടെ അംബാസഡറാകാം’. എന്നായിരുന്നു വി എസിന്റെ മറുപടി.