എൻഎസ്എസ് എന്നും രാഷ്ട്രീയകാര്യത്തിൽ സമദൂരത്തിൽ തന്നെയാണെന്നും ശബരിമലയുടെ കാര്യത്തിൽ ശരി ദൂരം തന്നെ യാണെന്നും അതിൽ മാറ്റമില്ലെന്നും ജി സുകുമാരൻ നായർ

രാഷ്ട്രീയ കാര്യത്തിൽ എൻഎസ്എസ് എന്നും സമദൂരത്ത് തന്നെയാണ്, എന്നാൽ ശബരിമലയുടെ കാര്യത്തിൽ മാത്രമാണ് ശരി ദൂരം കണ്ടെത്തിയതെന്നും അതിൽ ഇനി ഒരു മാറ്റവുമില്ല എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻഎസ്എസ് ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻറെ നൂറ്റി പന്ത്രണ്ടാം വിജയദശമി നായർ മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സമദൂരത്തിൽ കഴിയുന്ന സമുദായത്തെ, കമ്മ്യൂണിസ്റ്റ് എന്നോ,ബിജെപിയോ, കോൺഗ്രസ് എന്നോ ആക്കാൻ ശ്രമിക്കരുതെന്നും ശബരിമലയുടെ കാര്യത്തിൽ മാത്രമാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നില്ല. ആനുകൂല്യം ചോദിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും, ആചാരഅനുഷ്ഠാനങ്ങളും പാലിക്കുകയാണ് എൻഎസ്എസിന്റെ നിലപാട്. ശബരിമല ആചാരത്തിൽ അന്നത്തെ സർക്കാർ വീഴ്ച വരുത്തിയപ്പോഴാണ് എൻഎസ്എസ് രംഗത്തിറങ്ങിയത്. ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസവും നിലനിൽക്കണമെന്നും രാഷ്ട്രീയത്തിന് അതീതമായിരിക്കണം എന്നുള്ള എൻഎസ്എസിന്റെ ആവശ്യം അംഗീകരിച്ചപ്പോഴാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്നു സുകുമാരൻ നായർ പറഞ്ഞു. മാന്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തെ ലാഭേച്ഛകണ്ട് നശിപ്പിക്കാൻ ശ്രമിച്ചാൽ അതിന് നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *