മുളങ്കുന്നത്തുകാവ് ജിം പരിശീലകനായ കുമാരനെല്ലൂർ ഒന്നാംകല്ല് ചങ്ങാലി മാധവിന്റെ മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഹൃദയാഘാതം എന്നാണ്. വ്യാഴം പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിലാണ് മാധവ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാംസപേശികൾ വേഗത്തിൽ വളരാൻ സഹായിക്കുന്ന സ്റ്റിറോയ്ഡുകൾ, പ്രോട്ടീൻ പൗഡർ, കൊഴുപ്പിനെ ഇല്ലാതാക്കുന്ന ക്ലെൻബ്ലൂട്ടറോൾ ഗുളികകൾ എന്നിവ മാധവിന്റെ റൂമിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഇതിൻറെ അമിതമായ ഉപയോഗം ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നതും രക്തം കട്ടപിടിക്കുന്നതും രക്തസമ്മർദ്ദം കൂട്ടുന്നതും തുടർന്ന് മരണത്തിന് ഇടയാക്കുന്നതാണെന്നും പോസ്റ്റുമോർട്ടം ചെയ്ത മെഡിക്കൽ കോളേജ് ഫോറൻസിക്ക് വിഭാഗം മേധാവി ഡോ. ടി എസ് ഹിതേഷ് ശങ്കർ പറഞ്ഞു. ഹൃദയാഘാതത്തിന് പുറമേ ഈ മരുന്നുകൾ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാധനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ യുവാക്കൾക്കിടയിൽ ബോധവൽക്കരണം നടത്തണമെന്നും ഡോക്ടർ പറഞ്ഞു.
