കോവളം: ജനനം അരമണികൂർ വ്യത്യാസത്തിൽ .ഒന്നിച്ച് ജീവിച്ച് പുതുജീവിതത്തിലേക്ക് കടക്കാൻ അരമണിക്കൂർ വ്യാത്യാസത്തിൽ മിന്നുകെട്ട്.കോവളം മുട്ടയ്ക്കാട് ചെറുകോണം ജയാഭവനിൽ അശോകൻ്റെയും ജയയുടെയും ഇരട്ട മക്കളായ ശാലു(23)വും മാലു (23) വുമാണ് അരമണിക്കൂർ വ്യത്യാസത്തിൽ ഒരേ വേദിയിൽ വിവാഹിതരായത്. പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ വച്ചു മാലു അനീഷിനെയും ശാലു അരവിന്ദിനെയും മിന്നു കെട്ടി.ആദ്യം മാലുവിനായിരുന്നു ആലോചന എത്തിയത്. ബന്ധുകൂടിയായ ചിറയിൻകീഴ് പുതുക്കരി കിഴക്കെതിട്ട അനശ്വര ഭവനിൽ അനിൽകുമാർ ജലജ ദമ്പതിമാരുടെ മകൻ അനീഷുമായുള്ള വിവാഹം ഉറപ്പിച്ചു. വിവാഹ കാര്യം കോളജിലെ പൂർവ വിദ്യാർഥികളുമായി പങ്കുവച്ചതോടെ സുഹൃത്തുക്കളിലൊരാൾ വട്ടപ്പാറ കൊടുവാച്ചി അരുൺ നിലയത്തിൽ മനോഹരൻ- ലേഖ ദമ്പതിമാരുടെ മകൻ അരവിന്ദിന്റെ വിവാഹ ആലോചനയും എത്തി. പിന്നെ പെണ്ണുകാണലും വിവാഹം ഉറപ്പിക്കലുമൊക്കെ അതിവേഗമായിരുന്നു. വിവാഹം ഒരേ ദിവസം നടത്താൻ തീരുമാനിച്ചതോടെ പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വേദിയായി. 10നും 10.30 നും മധ്യേയുള്ള മുഹൂർത്തത്തിൽ അരവിന്ദ് ശാലുവിൻ്റെയും 10.30 നും 11 നും മധ്യേ മുഹൂർത്തത്തിൽ അനീഷ് മാലുവിൻ്റെയും കഴുത്തിൽ മിന്നു കെട്ടി.
