കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ആത്മീയ സൗരഭ്യവും നിറഞ്ഞ നാടാണ് ഇരിഞ്ഞാലക്കുട. പാരമ്പര്യത്തിന്റെ മഹത്വം മാത്രമല്ല, വികസനത്തിന്റെ പുതിയ വഴികളും ഈ നാട് എന്നും തേടിയിട്ടുണ്ട്.
ആ വികസന യാത്രയിൽ ശബ്ദമില്ലാതെ, പ്രകടനമില്ലാതെ, എന്നാൽ ഉറച്ച മനസ്സോടെ പ്രവർത്തിച്ച ഒരു ജനപ്രതിനിധിയായിരുന്നു ഇരിഞ്ഞാലക്കുടയുടെ സ്വന്തം തോമസ് ഉണ്ണിയാടൻ.
ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളെ അടുത്തറിഞ്ഞ നേതാവാണ് അദ്ദേഹം. പ്രത്യേകിച്ച് ഇരിഞ്ഞാലക്കുട പട്ടണത്തെ വർഷങ്ങളായി അലട്ടിയിരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അദ്ദേഹം കാണിച്ച ഇഛാ ശക്തി ഇന്ന് കൂടുതൽ വ്യക്തമാകുകയാണ്.
പട്ടണത്തിന്റെ ഹൃദയഭാഗത്തെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനായി ലക്ഷ്യമിട്ട് ഠാണ–ചന്തക്കുന്ന് വികസന പദ്ധതി രൂപം കൊണ്ടത് അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെയായിരുന്നു.
2013–14 സാമ്പത്തിക വർഷത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ ബജറ്റിൽ ഈ പദ്ധതിക്ക് ചരിത്രപരമായ പ്രഖ്യാപനം ഉണ്ടായി. ഇത് ഒരു സാധാരണ വികസന നിർദ്ദേശമല്ലായിരുന്നു; ഇരിഞ്ഞാലക്കുടയുടെ ഭാവിയെ മാറ്റിമറിക്കാവുന്ന ഒരു വലിയ നഗരവികസന കാഴ്ചപ്പാട് ആയിരുന്നുവെന്നതാണ് യാഥാർത്ഥ്യം.
തുടർന്ന് 2014 ഫെബ്രുവരി 11ന് Go (Rt) No. 209/14/PWD പ്രകാരം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ സ്ഥലമേറ്റെടുക്കൽ നിർണായകമായിരുന്നു. അതിനായി വീണ്ടും ശക്തമായ ഇടപെടലുകൾ നടത്തി 2015 സെപ്റ്റംബർ 8ന് Go (Rt) No. 1317/2015/PWD പ്രകാരം 8 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുന്നതിലും സർക്കാർ ചീഫ് വിപ്പ് കൂടിയായിരുന്ന തോമസ് ഉണ്ണിയാടൻ നിർണായക പങ്ക് വഹിച്ചു. ജനങ്ങളുടെ ജീവിതം എളുപ്പമാക്കാൻ ഒരു ജനപ്രതിനിധി എത്രമാത്രം പ്രതിബദ്ധതയോടെ പ്രവർത്തിക്കണം എന്നതിന് ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങൾ.
വികസനം പലപ്പോഴും വലിയ വേദികളിലോ ഉറക്കെയുള്ള പ്രസംഗങ്ങളിലോ ജനിക്കുന്നതല്ല. അത് ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി, ഭരണ സംവിധാനങ്ങളിൽ തുടർച്ചയായ ഇടപെടലുകൾ നടത്തി, നിശബ്ദമായി മുന്നോട്ടുകൊണ്ടുപോകുന്ന പ്രവർത്തനങ്ങളിലൂടെയാണ് സാധ്യമാകുന്നത്. ആ അർത്ഥത്തിൽ തോമസ് ഉണ്ണിയാടൻ എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ഇരിഞ്ഞാലക്കുടയിൽ നടന്നത് ഒരു “നിശബ്ദ വിപ്ലവം” തന്നെയായിരുന്നു.
ഇന്ന് 9 വർഷങ്ങൾക്കുശേഷം ഠാണ–ചന്തക്കുന്ന് വികസനം യാഥാർത്ഥ്യത്തിന്റെ പാതയിൽ മുന്നേറുമ്പോൾ, അതിന്റെ വിത്ത് വിതച്ചതും അതിനായി അടിസ്ഥാന ശില പാകിയതും ആരാണെന്ന് ഇരിഞ്ഞാലക്കുടയുടെ ജനങ്ങൾ മറക്കില്ല. വികസനത്തിന്റെ ആദ്യ സ്വപ്നം കാണുകയും അത് സർക്കാർ തലത്തിൽ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്ത നേതാവായി തോമസ് ഉണ്ണിയാടൻ എന്ന പേര് ഇരിഞ്ഞാലക്കുടയുടെ ചരിത്രത്തിൽ എന്നും നിലനിൽക്കും.
ജനങ്ങളുടെ നന്മയെന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിച്ച ഒരു ജനപ്രതിനിധിയുടെ ശാന്തമായ പ്രവർത്തനങ്ങൾക്ക് കാലം തന്നെയാണ് ഏറ്റവും വലിയ സാക്ഷി. ഇരിഞ്ഞാലക്കുടയുടെ വികസന ചരിത്രത്തിൽ, ആ ശാന്തമായ പ്രവർത്തനത്തിന്റെ സുഗന്ധമായി ഉണ്ണിയാടന്റെ പേര് എന്നും നിലനിൽക്കും.
