കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. ഇതോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ. എം. എൻ. സ്വാമിയെയും സ്ഥാനത്തുനിന്ന് മാറ്റാൻ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ടി. ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയായ എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം റെജിസ്ട്രാർ ഓഫ് കമ്പനീസിന് ആവശ്യമായ സാമ്പത്തിക കണക്കുകൾ സമർപ്പിക്കാത്തതാണ് കോടതി ചൂണ്ടിക്കാട്ടിയത്. നിർബന്ധമായ കണക്കുകൾ സമർപ്പിക്കാത്തത് അയോഗ്യതയ്ക്കു കാരണമാകുമെന്ന് വ്യക്തമാക്കിയാണ് ഈ നടപടി.
സംഘടന 2006ന് ശേഷം ഓഡിറ്റ് കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ നിലവിലെ ബോർഡ് അംഗങ്ങൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടി അന്തരിച്ച പ്രൊഫസർ എം. കെ. സാനു ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സംഘടനയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
