പേരാവൂർ: മാനസികാരോഗ്യം മെച്ചപ്പെടുത്തി സന്തോഷമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായുള്ള ഹാപ്പിനസ് കോസ്മോസ് എൽ.എൽ.പി. ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ‘ഹാപ്പിനസ് റിജുവനേഷൻ സെന്റർ’ (HRC) പേരാവൂരിൽ പ്രവർത്തനമാരംഭിക്കുന്നു. ഞായറാഴ്ച (ഫെബ്രുവരി 8) രാവിലെ 10 മണിക്ക് പേരാവൂർ ചെവിടിക്കുന്നിൽ വെച്ച് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
ഇന്ത്യയിൽ ഒരു പഞ്ചായത്ത് തലത്തിൽ ആരംഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭമെന്ന പ്രത്യേകതയും ഇതിനുണ്ട്. ശാരീരിക സൗഖ്യത്തിനൊപ്പം തന്നെ മാനസിക സന്തോഷവും ഉറപ്പുവരുത്തി സമഗ്രമായ ആരോഗ്യ പരിരക്ഷ ജനങ്ങളിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ഹാപ്പിനസ് ഹെൽപ്പ് ലൈൻ’ ഉദ്ഘാടനം ചെയ്യും. മിഷൻ ഹെൽത്തി കേരളയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനും, പ്ലാറ്റിനം അംഗത്വ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരനും നിർവ്വഹിക്കും.
എച്ച്.ആർ.സി. ഫൗണ്ടറും ചെയർമാനുമായ ബിജു ശിവാനന്ദൻ, ഡയറക്ടർമാരായ മനോജ് രോഹിണി, അരളം അബ്ദുൾ റഹ്മാൻ ഹാജി, പി. മണികണ്ഠൻ, പ്രോജക്ട് ഡയറക്ടർ സോജൻ വർഗീസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
