കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിസൈനിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഡിസൈൻ ഫെസ്റ്റിവലായ ‘റെൻഡർ 2026’ ഫെബ്രുവരി 4 മുതൽ 7 വരെ കോളേജ് കാമ്പസിൽ വെച്ച് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ എസ്.എച്ച് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ബിജു സി.എസ്, എസ്.എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഫാദർ ആന്റണി പി.ടി, പ്രോഗ്രാം കോർഡിനേറ്റർ അഭിഷേക് ആർ,ബിസ്‌കോൺ സോല്യൂഷൻസ് മാനേജിങ് ഡയറക്ടർ അനീഷ് കൃഷ്ണ, വെൽകെയർ വെൽകെയർ ഹോസ്പിറ്റൽ സി.ഒ.ഒ സഫീർ, ടെക്നോവാലി സി ഇ ഒ രാജേഷ് എന്നിവർ പങ്കെടുത്തു.
പഴയകാല പഠനരീതികളിൽ നിന്ന് മാറി, വ്യവസായ ലോകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പ്രായോഗിക പഠനരീതികളിലേക്കാണ് നമ്മുടെ വിദ്യാഭ്യാസ രംഗം മാറിക്കൊണ്ടിരിക്കുന്നതെന്നും ‘റെൻഡർ 2026’ പോലുള്ള മേളകൾ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികൾക്ക് പുറത്തുള്ള വലിയൊരു തൊഴിൽ ലോകത്തെ പരിചയപ്പെടാനും നൂതന ഡിസൈൻ ആശയങ്ങൾ നേരിട്ട് മനസ്സിലാക്കാനും സഹായിക്കുമെന്നും അക്കാദമിക് മികവും ഇൻഡസ്ട്രി എക്സ്പോഷറും തമ്മിലുള്ള അകലം കുറയ്ക്കുക എന്നതാണ് ഇത്തരം സംരംഭങ്ങളിലൂടെ കോളേജ് ലക്ഷ്യമിടുന്നത് എന്നുംഅക്കാദമിക് രംഗത്തെ മാറ്റങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ പ്രൊഫ. ബിജു സി.എസ് പറഞ്ഞു.
നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ മേളയിൽ ഡിസൈൻ രംഗത്തെ പുതിയ പ്രവണതകളെ പരിചയപ്പെടുത്തുന്നതിനൊപ്പം വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.
ഡിസൈൻ എക്സ്പോ, വർക്ക്ഷോപ്പുകൾ, വിവിധ വിഷയങ്ങളിലുള്ള കോൺക്ലേവുകൾ, ബ്രാൻഡ് ടോക്കുകൾ എന്നിവ മേളയുടെ ഭാഗമായി നടക്കും.
ബുക്ക് എക്സ്പോ, വെഹിക്കിൾ എക്സ്പോ, കൊമേഴ്സ്യൽ സ്റ്റാളുകൾ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
മ്യൂസിക് ബാൻഡ്, ഗസൽ സന്ധ്യ, ഫാഷൻ ഷോ, സംഗീത നിശ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. വൈവിധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങൾ ആസ്വദിക്കാൻ ഫുഡ് ഫെസ്റ്റിവലും മേളയിലുണ്ടാകും.
പൊതുജനങ്ങൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. ഡിസൈൻ മേഖലയിലുള്ളവർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഈ ഫെസ്റ്റിവൽ വിഭാവനം ചെയ്തിരിക്കുന്നത്.
