ലക്നൗ മീററ്റിൽ ബലാത്സംഗ കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിൽ പ്രതിയെ വെടിവെച്ചുകൊന്നു പോലീസ്. ഇന്ന് രാവിലെ ആറരയ്ക്ക് ഉത്തരപ്രദേശ് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതി ഷഹ്സാദിന് വെടിയേൽക്കുകയായിരുന്നു. ഇയാളുടെ നെഞ്ചിലായിരുന്നു വെടിയേറ്റത് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളിലെ പ്രതിയായ ഷഹ്സാദ് ഒരു “ഹബിച്വൽ ഓഫണ്ടർ” ആണെന്ന് പോലീസ് വ്യക്തമാക്കുന്നു. അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അഞ്ചു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു .പിന്നീട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. ഇയാളുടെ പേരിൽ നിലവിൽ രണ്ട് കേസ് ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് മീററ്റിൽ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. ജയിലിലായിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും അതെ തെറ്റ് തന്നെ ചെയ്യുന്നതാണ് ജനങ്ങളെ രോഷാകൂലരാക്കിയത്. ഞായറാഴ്ച രാത്രി അതിജീവിതയായ ഏഴ് വയസ്സുകാരിയുടെ വീട്ടിലെത്തി വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾ എവിടെയുണ്ടെന്നുള്ള വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് രാവിലെ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇയാളുടെ പക്കൽ ഉണ്ടായിരുന്ന തോക്ക് വെച്ച് പോലീസിനെ വെടിവെക്കുകയായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിൽ ആയിരുന്നു ഇയാൾ കൊല്ലപ്പെട്ടത്.
ലഖ്നൗ മീററ്റിൽ ബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു
