അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത് മുങ്ങിയ പ്രതി പിടിയിൽ

മലപ്പുറം: അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് (51) ആണ് പിടിയിലായത്. സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞ് അധ്യാപികയെ ഇയാൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 1988-90 കാലത്ത് പഠിപ്പിച്ച അധ്യാപികയാണ് തട്ടിപ്പിനിരയായത്. വിശ്വാസ്യത ഉറപ്പാക്കാനായി രണ്ടാം പ്രതിയും ഭാര്യയുമായ റംലത്തുമായി എത്തിയാണ് പണം കൈപ്പറ്റിയത്. ഇവരുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. പിന്നീട് മൂന്ന് ലക്ഷം വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി.വിശ്വാസം പിടിച്ചു പറ്റി തവണകളായി കൂടുതൽ പണവും സ്വർണ്ണവും കൈക്കലാക്കി പ്രതി മുങ്ങുകയായിരുന്നു. കർണാടകയിൽ നിന്നാണ് പരപ്പനങ്ങാടി പൊലീസ് പ്രതിയെ പിടികൂടിയത്.പൂർവ വിദ്യാർഥി സംഗമത്തിന് എത്തിയപ്പോഴായിരുന്നു ശിഷ്യൻ അധ്യാപികയുമായി പരിചയം പുതുക്കിയത്. പിന്നീട് തുടർച്ചയായി വീട്ടിലെത്തി സൗഹൃദം നിലനിർത്തി. അധ്യാപികയുടെ ദയ പിടിച്ചുപറ്റാൻ പല കള്ളത്തരങ്ങളും പറഞ്ഞിരുന്നു. പക്ഷാഘാതം ബാധിച്ചിരുന്നതും ജീവിക്കാൻ മാർഗമില്ലെന്നും പറഞ്ഞു. തുടർന്നാണ് ബിസിനസ് തുടങ്ങാൻ ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്നും 4000 രൂപ പലിശ നൽകാമെന്നും പറഞ്ഞ് പണം കൈക്കലാക്കിയത്.ബിസിനസ് വിപുലമാക്കാനെന്ന് പറഞ്ഞതോടെ ബാങ്കിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണവും അധ്യാപിക ഫിറോസിന് നൽകി. പിന്നീട് ഫിറോസിന്റെ ഫോൺ ഓഫ് ആയതോടെയാണ് അധ്യാപികയ്ക്ക് പറ്റിക്കപ്പെട്ടതായി മനസിലായത്. മാസങ്ങളോളം ഫിറോസിന്റെ ഫോൺ സ്വിച്ച് ഓഫായതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫിറോസ് കർണാടകയിലെ ഹാസനിൽ ആർഭാടമായി ജീവിക്കുന്നുവെന്ന് വിവരം ലഭിച്ചു. ഇതോടെ പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂരും സംഘവും ഹാസനിലെത്തി അന്വേഷണം നടത്തി പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *