പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ്. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് വായ്പ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നത്.
ബാങ്ക് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡണ്ട് ജെറി ഈശോ ഉമ്മനും ബന്ധുക്കളുടെ പേരില്‍ ഉള്‍പ്പെടെ വായ്പ എടുത്തത് നാല് കോടിയിലധികം രൂപയെന്നാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത്.
ജെറി ഈശോ ഉമ്മനും ബന്ധുക്കള്‍ക്കും ബാങ്കിലുള്ള വായ്പ ബാധ്യത 2,12,15,579 രൂപയാണ്. ജെറീ ഈശോ ഉമ്മന്‍ രണ്ടു വായ്പകളാണ് എടുത്തിരിക്കുന്നത്. 15,00,000, 16,87,652 എന്നിങ്ങനെയാണ് വായ്പ്പാതുക.
ഭാര്യയുടെ പേരില്‍ രണ്ടു വായ്പകള്‍ ആണുള്ളത്. 15 ലക്ഷം, 35 ലക്ഷം വീതമാണ് വായ്പ എടുത്തിരിക്കുന്നത്. മകളുടെ പേരിലും രണ്ടു വായ്പകള്‍ എടുത്തു. 35 ലക്ഷം, 15 ലക്ഷം എന്നിങ്ങനെയാണ് മകളുടെ പേരിലുള്ള വായ്പ.
മരുമകന്റെ പേരിലും രണ്ട് വായ്പ എടുത്തു. 20 ലക്ഷം വീതമാണ് രണ്ട് വായ്പാത്തുക. ഏറെക്കാലമായി ബാങ്കില്‍ വായ്പ തട്ടിപ്പ് തുടര്‍ന്നിട്ടും കണ്ടെത്താതിരുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ബാങ്ക് മുന്‍ ഭരണസമിതി അംഗവും പരാതിക്കാരനുമായ ഗീവര്‍ഗീസ് തറയില്‍ പറഞ്ഞു.