പരിയാപുരത്തെ ‌ഡീസല്‍ ചോര്‍ച്ച; പെട്രോളിയം കമ്പനിക്ക് നോട്ടീസ് നല്‍കും

Kerala

പെരിന്തല്‍മണ്ണ: പരിയാപുരത്ത് ഡീസല്‍ ടാങ്കര്‍ അപകടത്തെ തുടര്‍ന്ന് ഡീസല്‍ ചോര്‍ച്ചയുണ്ടായി കിണറുകളിലെ വെള്ളം മലിനമായ സംഭവവുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്പനി അധികൃതര്‍ക്ക് നോട്ടിസ് നല്‍കും . ഇന്നലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

ജല അതോറിറ്റി മൂന്ന് ദിവസം ഇടവിട്ട് നടത്തുന്ന ജല വിതരണത്തിന്റെ ഇടവേള കുറയ്ക്കാൻ ശ്രമം നടത്തും. കളക്ടറുടെ അനുമതിയില്ലാതെ ജലവിതരണം നടത്തുന്നതിലുള്ള സാങ്കേതിക പ്രതിസന്ധി പഞ്ചായത്ത് അധികൃതര്‍ യോഗത്തെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ വിഭാഗം അസി. കളക്ടര്‍ സരിൻ കളക്ടറുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും. ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ നിയമ വിഭാഗവുമായി ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ദുരന്ത നിവാരണ വിഭാഗം അസി. കളക്ടറും ചര്‍ച്ച നടത്തും. മഴ നിലച്ചാലേ കിണറുകളിലെ ഡീസല്‍ നീക്കുന്നത് ഗുണകരമാകൂ എന്ന് ബന്ധപ്പെട്ട പെട്രോളിയം കമ്ബനി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. വെള്ളം സെൻട്രല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദുരിതബാധിതരുടെ കൃത്യമായ വിവരശേഖരണം നടത്താൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഇത് രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും.

സേക്രഡ് ഹാര്‍ട്ട് ഹോമിലെ തെങ്ങ് കത്തിപ്പോയതൊഴിച്ചാല്‍ യാതൊരു കൃഷിനാശവുമില്ലെന്ന് കൃഷി വകുപ്പ് യോഗത്തില്‍ അറിയിച്ചു. അതേ സമയം ഭാവിയില്‍ നാശത്തിനുള്ള സാദ്ധ്യത തള്ളിക്കളഞ്ഞിട്ടില്ല. അപകടം നടന്ന പരിയാപുരം-ചീരട്ടാമല റോഡില്‍ അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കും. ഇവിടെ നിന്ന് ശേഖരിച്ച മണ്ണ് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ എസ്. എസ്. സരിൻ, നയാര പെട്രോളിയം കമ്പനിയെ പ്രതിനിധീകരിച്ച്‌ വി. രതീഷ്, എം ഹാരിസ്, കെ. ആര്‍. അജിമോൻ, ആര്‍. ശ്രീധര്‍, രാജീവ് കൃഷ്ണൻ, സോയില്‍ സര്‍വേ അസി. ഡയറക്ടര്‍ വി. അബ്ദുല്‍ ഹമീദ്, പി. മനോജ് ( മണ്ണു പരിശോധനാ വിഭാഗം), ജല അതോറിറ്റി അസി. എൻജിനീയര്‍ ഫൈസല്‍, പി. ജസീര്‍, ബിജു എബ്രഹാം, ലൈസുമ്മ സെബാസ്റ്റ്യൻ, ജനകീയ സമിതി കണ്‍വീനര്‍ ഏലിയാമ്മ തോമസ്, വാര്‍ഡംഗം അനില്‍ പുലിപ്ര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍, മലിനീകരണ നിയന്ത്രണ വിഭാഗം അസി. എൻജിനിയര്‍ ഇ.പി. ഷിബിൻ, എം.വി.ഐ മുഹമ്മദ് ഷഫീഖ്, ദുരന്ത നിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് കെ.അബ്ദുല്‍ നാസര്‍, ലോറി ഉടമ ഷൻജിൻ മാത്യു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *