യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിൻ്റെ സുഹൃത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്. ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്തായ യുവ വ്യവസായിയാണെന്നുള്ള വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. അശാസ്ത്രീയ ഗര്‍ഭഛിദ്രം നടന്നത് നാലാം മാസമാണ്. രാഹുലിനൊപ്പം വ്യവസായിയും ഗര്‍ഭഛിദ്രത്തിന് യുവതിയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. വ്യവസായി യുവതിയെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പത്തനംതിട്ട സ്വദേശിയാണ് രാഹുലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യുവ വ്യവസായി. ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസില്‍ വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിവരുന്നത്. രാഹുലിനെതിരെ തെളിവുകള്‍ ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാഹുലിന് പുറമേ മറ്റൊരാള്‍കൂടി യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നുള്ള വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇയാള്‍ രാഹുലിന്റെ നാട്ടുകാരന്‍ തന്നെയാണ്. ഇയാള്‍ വഴിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നല്‍കിയത്. മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള രണ്ട് മരുന്നുകളാണ് ഇയാള്‍ എത്തിച്ചു നല്‍കിയത്. നാലാം മാസത്തില്‍ ഈ മരുന്ന് കഴിച്ച് യുവതി ഗര്‍ഭഛിദ്രം നടത്തി. ഡോക്ടറുടെ സാന്നിധ്യം പോലുമില്ലാതെ അശാസ്ത്രീയമായായിരുന്നു ഗര്‍ഭഛിദ്രം. രാഹുലിന് പുറമേ യുവ സംരംഭകനും യുവതിയെ ഭീഷണിപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. യുവതിയെ ഇയാള്‍ പലതവണകളിലായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *