കോട്ടയം : രാസ ലഹരി ഇനത്തിൽപ്പെട്ട എം.ഡി.എം.എ വിൽപ്പന നടത്തിയ സംഘത്തിലെ പ്രധാനികളായ സംക്രാന്തി സ്വദേശി ഡോൺ മാത്യു,ജെസ്റ്റിൻ സാജൻ എന്നിവരെ അഞ്ച് ഗ്രാം എം.ഡി.എ.എമ്മയുമായി കോട്ടയം എക്സൈസിന്റെ സ്പെഷ്യൽ സ്ക്വാഡ് സംഘം പിടികൂടി. എക്സൈസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർബൈക്ക് ഉപയോഗിച്ച് ഇടിപ്പിച്ച് തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പ്രതികളെ എക്സൈസുകാർ സാഹസികമായി പിടികൂടി. ലഹരി മാഫിയയെ തുരത്തുവാൻ കോട്ടയം എക്സൈസിന്റെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ അജു ജോസഫ്, അരുൺ ലാൽ, പ്രദീപ് എം.ജി , അഫ്സൽ, ദീപക് സോമൻ, ശ്യാം ശശിധരൻ, ജോസഫ് കെ.ജി, അമൽഷാ മാഹിൻ കുട്ടി എന്നിവരുൾപ്പെട്ട സ്പെഷ്യൽ ടീം ഒരു മാസത്തോളമായി നടത്തിയ രഹസ്യ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതികൾ വലയിലായത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ്, എക്സൈസ് ഇൻസ്പെക്ടറായ രാജേഷ് പി ജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ C ദാസ്, നൗഷാദ് എം, അനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ സുനിൽ കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സബിത കെ വി, പ്രിയ എന്നിവരും പട്രോളിംഗ് പാർട്ടിയിൽ ഉണ്ടായിരുന്നു. യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ വില്പന നടത്താനാണ് രാസലഹരി ഇവർ കൈവശം വച്ചത്.കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും റിമാൻഡ് ചെയ്തു. ഓണത്തിനോട് അനുബന്ധിച്ച് ലഹരി മരുന്നിന്റെ ഇടപാടുകൾ വ്യാപകമായി നടക്കാൻ സാധ്യതയുള്ളതിനാൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ അജയ് യുടെ നിർദ്ദേശത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ഓണത്തിനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ ആണ് എക്സൈസ് സംഘം അതിവിദഗ്ധമായി പ്രതികളെ അറസ്റ്റ് ചെയ്തത്. നാളുകൾക്കു മുമ്പ് തന്നെ ഇവർക്ക് രാസലഹരി കച്ചവടം ഉള്ളതായി വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ആളുകളെ ഉടൻ തന്നെ എക്സൈസിന്റെ പിടിയിൽ ആകും എന്നാണ് ലഭിക്കുന്ന വിവരം
