തിരുവനന്തപുരം : സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുൻസിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍ എന്നിവയുടെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. കരട് പട്ടികയില്‍ ആകെ 2,76,70,536 വോട്ടര്‍മാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളുമാണുള്ളത്.
പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് സെപ്തംബര്‍ 23 വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഈ അവസരം. പട്ടികയിലെ വിവരങ്ങളില്‍ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.
ഓണ്‍ലൈൻ അപേക്ഷകള്‍ sec.kerala.gov.in സൈറ്റില്‍ രജിസ്ട്രേഷൻ ചെയ്ത് നല്‍കണം. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാൻ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസര്‍ക്ക് നല്‍കണം.
കോര്‍പ്പറേഷനുകളില്‍ അഡിഷണല്‍ സക്രട്ടറിയും പഞ്ചായത്ത് നഗരസഭകളില്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേളൻ ഓഫിസര്‍.