തിരുവനന്തപുരം/ കാട്ടാക്കട: തിരുവനന്തപുരം ജില്ലയിൽ ഏറ്റവുമധികം പൂകൃഷിയുള്ള നിയോജകമണ്ഡലം എന്ന റെക്കോർഡ് ഇക്കുറിയും കാട്ടാക്കടയ്ക്ക് തന്നെ. ‘നമ്മുടെ ഓണം നമ്മുടെ പൂക്കൾ’ പദ്ധതിയിൽ കഴിഞ്ഞ നാലുവർഷത്തെ അപേക്ഷിച്ച് ഇക്കുറി കാട്ടാക്കടയിലെ ആറ് പഞ്ചായത്തുകളിലായി 104 ഏക്കറിലാണ് പൂക്കൃഷിയും പച്ചക്കറി കൃഷിയും നടത്തിയത്. പള്ളിച്ചൽ കൊറണ്ടിവിളയിൽ മാത്രം എട്ട് ഏക്കറോളം വിസ്തൃതിയിലാണ് പൂ കൃഷി. മഞ്ഞയും ഓറഞ്ചും നിറമുള്ള ജമന്തിപ്പൂക്കളും വാടാമല്ലിയുമൊക്കെ പൂക്കളങ്ങളെ അലങ്കരിക്കാൻ തയ്യാറായി കഴിഞ്ഞു. വിളവെടുപ്പ് ഉത്സവം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ പഞ്ചായത്തിൽ കൊറണ്ടിവിള കൂടാതെ നരുവാമൂട്, വെള്ളാപ്പള്ളി, മുക്കം പാലമൂട് , കാട്ടാക്കട പഞ്ചായത്തിലെ കൊറ്റംപള്ളി, കൊല്ലോട്, കട്ടയ്ക്കോട്, കുളത്തുമ്മൽ, മാറനെല്ലൂർ പഞ്ചായത്തിലെ ക്രൈസ്റ്റ് നഗർ, മലയിൻകീഴ് പഞ്ചായത്തിലെ അന്തിയൂർക്കോണം, വിളപ്പിൽ പഞ്ചായത്തിലെ പടവൻകോട്, വിളപ്പിൽശാല, വിളവൂർക്കൽ പഞ്ചായത്തിലെ ശാന്തമൂല, പൊറ്റയിൽ എന്നിവിടങ്ങളിലാണ് ഇത്തവണ പൂക്കൃഷി നടത്തിയത്. ഒരേക്കറിൽ നിന്ന് 120 കിലോ വരെ പൂക്കൾ വിളവെടുത്തു. സമൃദ്ധിയുടെ ഈ ഓണക്കാലത്തിന് പിന്നിൽ കാട്ടാക്കടക്കാർ മണ്ണും മനസും ഒന്നായി മുന്നേറിയതിന്‍റെ ജീവിതഗാഥയുണ്ട്. ഒരുകാലത്ത് ജലക്ഷാമമായിരുന്നു കാട്ടാക്കടയിലെ പ്രധാന പ്രശ്നം. ഐ.ബി സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ണിന്റെ ഉര്‍വരത വീണ്ടെടുത്തു. പിന്നാലെ മരങ്ങൾ വച്ചുപിടിപ്പിച്ചും സ്വാഭാവിക നീര്‍ത്തടങ്ങൾ സംരക്ഷിച്ചും, വീണ്ടെടുത്തും പ്രകൃതിയെ ചേര്‍ത്ത് പിടിച്ചു. ഇതോടെ തരിശു കിടക്കുന്ന ഇടങ്ങളിലെല്ലാം കൃഷി നിറഞ്ഞു. നാട്ടിൽ ജൈവ സമൃദ്ധിയുടെ നിറവുണ്ടായി. ഇന്ന് നദികളും കുളങ്ങളും ജലസമൃദ്ധമാണ്. കുടിവെള്ള ക്ഷാമത്തിൽ നിന്ന് കാര്‍ബൺ ന്യൂട്രൽ കാട്ടാക്കട എന്ന വലിയ നേട്ടത്തിലേക്കെത്തി. ഓണത്തിന് മറുനാടൻ പൂക്കളെന്തിന്, നമുക്ക് പൂക്കളുണ്ടാക്കാമെന്ന് എം.എൽ.എ ഐ.ബി സതീഷ് ചിന്തിച്ചത് നാലുവർഷം മുമ്പാണ്. ജനങ്ങൾ ഈ പദ്ധതി ഏറ്റെടുത്തതോടെ സ്വന്തം നാട്ടിൽ വിരിഞ്ഞ പൂക്കളും പച്ചക്കറികളുമായി കാട്ടാക്കടക്കാർ ആവേശത്തിലാണ്.
പൂപ്പാടങ്ങൾ തയ്യാർ… പൂവിളിയിൽ ഇക്കുറിയും റെക്കോർഡിട്ട് കാട്ടാക്കട
