യുവതിക്കും മകൾക്കും നേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം. സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇരുപത്തിയേഴുകാരിയുടെയും ഇവരുടെ മൂന്നു വയസുള്ള കുട്ടിയുടെയും നേരെ ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ മുഖത്തും കൈക്കും പൊള്ളലേറ്റ ഇവരെ സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് കേസിനാസ്പദമായ സംഭവം.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. അമേഠിയിലെ ഗൗരി ഗഞ്ച് പൊലീസ് സ്റ്റേഷനു കീഴിലുള്ള ശുഭവത്പൂർ ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് അമേഠി അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്പി), ഹരേന്ദ്ര കുമാർ പറഞ്ഞു.തന്നെയും മകളെയും ആക്രമിച്ച് ഫോൺ തട്ടിപ്പറിച്ച ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടതായി ഭാൻമതി ലോധി എന്ന സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഫോറൻസിക് ഉദ്യോഗസ്ഥരും പൊലീസ് സംഘവും കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചതായി എഎസ്പി പറഞ്ഞു.