കാഠ്മണ്ഡു: നേപ്പാള്‍ ക്രിക്കറ്റ് താരത്തെ ബലാത്സംഗ കേസില്‍ എട്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. നേപ്പാള്‍ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്പിന്നറുമായ സന്ദീപ് ലാമിച്ചനാണ് തടവ് ശിക്ഷ ലഭിച്ചത്.2022 ആഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍ വെച്ച് 17 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. ശിക്ഷയ്ക്ക് പുറമേ, മൂന്ന് ലക്ഷം രൂപ പിഴയും ഇരക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാൻ കോടതി ഉത്തരവിട്ടു.
നേരത്തെ ലാമിച്ചനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 2023 ജനുവരിയില്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിക്കാൻ ടീമില്‍ തിരിച്ചെത്തിയതോടെ വലിയ പ്രതിഷേധവും രാജ്യത്തുണ്ടായി. ദുബൈയില്‍ നടന്ന ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനിടെ മത്സര ശേഷം സ്‌കോട്ലൻഡ് ക്രിക്കറ്റ് താരങ്ങള്‍ ലാമിച്ചനുമായി ഹസ്തദാനം ചെയ്യാൻ വരെ വിസമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒടുവില്‍, നിരന്തരമായ നിയമപോരാട്ടങ്ങള്‍ക്ക് നടത്തിയാണ് ഇര നീതി നേടിയെടുത്തത്.