കടുത്തുരുത്തി ടൗൺ ബൈപ്പാസ് 2026-ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുന്നു – മോൻസ് ജോസഫ് എംഎൽഎ
കടുത്തുരുത്തി: കോട്ടയം-എറണാകുളം സംസ്ഥാന പാതയ്ക്ക് സമാന്തരമായി യാഥാർഥ്യമാക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്റെ ടാറിംഗ് ജോലികൾക്ക് മുന്നോടിയായുള്ള അന്തിമഘട്ട നിർമ്മാണ പ്രവൃത്തികൾക്കു തുടക്കം കുറിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.കടുത്തുരുത്തി ഐ.ടി.സി ജംഗ്ഷനിൽ നിന്നുള്ള അന്തിമഘട്ട നിർമ്മാണ ജോലികളാണ് ആദ്യപടിയായി ആരംഭിച്ചിട്ടുള്ളത്. ഇതോടൊപ്പം കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ നിന്നുള്ള നിർമ്മാണ പ്രവർത്തനങ്ങളും അനുബന്ധമായി ആരംഭിക്കുന്നതാണ്. ഇരുവശത്തുനിന്നുമുള്ള പ്രവൃത്തി പൂർത്തിയാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ബൈപ്പാസ് റോഡിന്റെ ടാറിംഗ് ജോലികളും ആരംഭിക്കുന്നതാണ്.സമയബന്ധിതമായി ടാറിംഗ് ജോലികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടി പൊതുമരാമത്ത് വകുപ്പ് തലത്തിൽ ചർച്ച ചെയ്ത് സ്വീകരിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ടാറിംഗ് ജോലികൾക്ക് മുന്നോടിയായി റോഡിന്റെ പ്രതലം ബലപ്പെടുത്തുന്നതിന് വേണ്ടി ഒരു ലെയർ വെറ്റ് മിക്സ് കൂടി വിരിക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടൊപ്പം അത്യാവശ്യമായി ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപ്പാക്കുന്നതിന് വേണ്ടി ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അടിയന്തിരമായി നടപ്പാക്കാനുള്ള എല്ലാ പ്രവൃത്തികളും പരമാവധി വേഗത്തിൽ പൂർത്തീകരിച്ച്, 2026-ന്റെ തുടക്കത്തിൽ വികസന രംഗത്ത് നടപ്പിലാക്കുന്ന കടുത്തുരുത്തിയുടെ പുതുവത്സര സമ്മാനമായി ബൈപ്പാസ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
