കൊച്ചി: അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഇനി ഓര്മ. രാവിലെ 10 മണിക്ക് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അവസാനമായി ശ്രീനിവാസനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് അവിടേയ്ക്ക് ഒഴുകിയെത്തിയത്.നടി പാര്‍വതി തിരുവോത്ത്, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സൂര്യ സംവിധായകന് ഫാസില്‍, രാജസേനന് തുടങ്ങിയവര്‍ ശ്രീനിവാസന് ഇന്ന് അന്തിമോപചാരം അര്‍പ്പിച്ചു. വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് പാര്‍വതി പറഞ്ഞു. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന് തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി പറഞ്ഞു. മലയാള സിനിമയ്ക്ക് ശ്രീനിവാസന് ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിന് അനുസരിച്ച് തിരിച്ച് നല്കാന് നമുക്ക് സാധിച്ചില്ലെന്നും ജഗദീഷും കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസന് ഇനി ചിരിയോര്‍മ,വിടചൊല്ലി കേരളം
