കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളില്‍ 10 ശതമാനം കുറയാത്ത സ്ഥലത്ത് ജൈവകൃഷി ആരംഭിക്കും: മന്ത്രി. പി. പ്രസാദ്‌

Breaking Kerala

തിരുവനന്തപുരം : അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 50,000 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി പി.പ്രസാദ്. ജൈവകൃഷിക്കായി തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍- ഫാമുകള്‍ കുറഞ്ഞത് അഞ്ചു വര്‍ഷം വരെയെങ്കിലും ജൈവ കൃഷി തുടരുമെന്ന് ഉറപ്പാക്കണം.  കര്‍ഷകന്റെ കൃഷിയിടങ്ങളില്‍ നിശ്ചിത അനുപാതത്തിലുള്ള ഭൂമിയെങ്കിലും ജൈവകൃഷിയിലേക്ക് മാറ്റുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും.

ഫാം പ്ലാൻ മാതൃകയില്‍ ഐ.എഫ്.എസ് പ്ലോട്ടുകളുടെ വികസനത്തിനായി ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളില്‍ 10 ശതമാനത്തില്‍ കുറയാത്ത സ്ഥലത്തു ജൈവകൃഷി ആരംഭിക്കും. ജൈവകൃഷിക്ക് ആവശ്യമായി വരുന്ന ഉത്പാദനോപാധികള്‍ പ്രാദേശികമായി ഉല്പാദിപ്പിക്കുന്നതിനുള്ള ചെറുകിട സംരംഭങ്ങള്‍, കൃഷിക്കൂട്ടം, കാര്‍ഷിക കര്‍മ്മസേന, കുടുംബശ്രി, കൃഷിശ്രീ സെന്ററുകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ തുടങ്ങുക ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനുള്ള വിപണന സംവിധാനം ഒരുക്കുകയും ജൈവ ഉല്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നതിനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യും.

ജൈവ ഉല്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷൻ നല്‍കുന്നതിനുള്ള സംവിധാനവും നടപടിക്രമങ്ങളും വികസിപ്പിക്കും. കേരളത്തിന്റെ തനതായ ജൈവ ഉല്പന്നങ്ങള്‍ പ്രത്യേക ബ്രാന്‍ഡില്‍ വില്‍പ്പന നടത്തുന്നതിനുമുള്ള സംവിധാനം ഒരുക്കും. ജൈവകൃഷിക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള വിത്ത് ഉള്‍പ്പെടെയുള്ള ഉല്‍പാദനോപാധികളുടെ ഗുണനിലവാരം ഉറപ്പാക്കി കര്‍ഷകരില്‍ എത്തിക്കുന്നതിനും ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനം കൊണ്ടുവരും.

എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും ജൈവകൃഷി മിഷന്റെ ഭാഗമായി പ്രത്യേക പദ്ധതികള്‍ കൃഷിക്കൂട്ടങ്ങളേയും എഫ്.പി.ഒ കളേയും യോജിപ്പിച്ചുകൊണ്ട് തയാറാക്കും. മാതൃകാപരമായി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പ്രത്യേകം അവാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *