ട്രംപിനെ തള്ളി ഇന്ത്യ; റഷ്യൻ എ​ണ്ണ വാങ്ങുന്നത് തു​ട​രും, മുൻഗണന രാജ്യ​താ​ത്പ​ര്യ​ത്തി​നെന്ന് ഇ​ന്ത്യ‌

ന്യൂ​ഡ​ൽ​ഹി: റഷ്യയിൽ‌നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് ഇന്ത്യ. ഇക്കാര്യവുമായി ബന്ധപ്പെട്ട ട്രംപ്-മോദി സംഭാഷണം ഉണ്ടായിട്ടില്ലെന്നും ന്യൂഡൽഹി പ്രതികരിച്ചു. ഊ​ർ​ജ​മേ​ഖ​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ മു​ൻ​ഗ​ണ​ന​യെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യക്തമാക്കി. “എ​ണ്ണ​യും വാ​ത​കവും വലിയതോതിൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. അ​സ്ഥി​ര​മാ​യ ഊ​ർ​ജ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്താ​വി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഏ​റ്റ​വും വ​ലി​യ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു. ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി​ന​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഈ ​ല​ക്ഷ്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്’- വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യത്തിന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സ്ഥി​ര​മാ​യ ഊ​ർ​ജ​വി​ല​യും സു​ര​ക്ഷി​ത​മാ​യ വി​ത​ര​ണ​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ. ഊ​ർ​ജ​സ്രോ​ത​സു​ക​ൾ വി​ശാ​ല​മാ​ക്കു​ന്ന​തും വി​പ​ണി​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നും ജ​യ്സ്വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.റ​ഷ്യ​യി​ൽ​നി​ന്ന് ക്രൂ​ഡ് ഓ‍​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ൽ ത​ത്കാ​ലം മാ​റ്റ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, ഒ​ക്‌​ടോ​ബ​റി​ലെ ഇ​തു​വ​രെ​യു​ള്ള ഇ​റ​ക്കു​മ​തി ക​ഴി​ഞ്ഞ​മാ​സ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, വ്യാ​പാ​ര ച​ർ​ച്ച​ക​ൾ​ക്കാ​യി വാ​ണി​ജ്യമ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ അമേരിക്കയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കും. എന്നാൽ, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തു നിർത്തുക എന്നതു കരാറിൽ ഉ​പാ​ധി​യാ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഇന്ത്യ വ്യക്തമാക്കുന്നത്. നേ​ര​ത്തെ, ട്രം​പി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​പ​ക്ഷം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രൂക്ഷമായി വി​മ​ർ​ശി​ച്ചിരുന്നു. “പ്ര​ധാ​ന​മ​ന്ത്രി മോ​ദി ട്രം​പി​നെ ഭ​യ​പ്പെ​ടു​ന്നു’വെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആഞ്ഞടിച്ചു. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ല്ലെ​ന്ന് തീ​രു​മാ​നി​ക്കാ​നും പ്ര​ഖ്യാ​പി​ക്കാ​നും മോദി ട്രം​പി​നെ അ​നു​വ​ദി​ക്കു​ന്നു. ആ​വ​ർ​ത്തി​ച്ചു​ള്ള അ​വ​ഗ​ണ​ന​ക​ൾ​ക്കി​ട​യി​ലും അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​തു മോദി തു​ട​രു​ന്നു. ധ​ന​മ​ന്ത്രി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം റദാക്കി തുടങ്ങിയ ആരോപണങ്ങളാണ് രാഹുൽ എ​ക്‌​സി​ലെ പോ​സ്റ്റി​ൽ കുറിച്ചത്.റ​ഷ്യ​യി​ൽനി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് ഇന്ത്യ നി​ർ​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ത​നി​ക്ക് ഉ​റ​പ്പു ന​ൽ​കി​യ​താ​യി ട്രംപ് കഴിഞ്ഞദിവസം അ​വ​കാ​ശ​പ്പെ​ട്ടിരുന്നു. ഉ​ട​ന​ടി മോദിക്കിതു ചെ​യ്യാ​ൻ ക​ഴി​യി​ല്ലെന്നും വൈകാതെ റഷ്യയുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. യു​ക്രെ​യ്ൻ‌ യു​ദ്ധം ആ​രം​ഭി​ച്ച​തു​മു​ത​ൽ, പാ​ശ്ചാ​ത്യ ശ​ക്തി​ക​ൾ; പ്ര​ത്യേ​കി​ച്ച് അ​മേ​രി​ക്ക, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ൽ ഇന്ത്യയെ ആ​വ​ർ​ത്തി​ച്ച് വിമർശിച്ചിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ വി​ദേ​ശ​കാ​ര്യമ​ന്ത്രി ​എ​സ്. ജ​യ​ശ​ങ്ക​ർ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *