മലപ്പുറം ചേലമ്പ്രയിൽ സ്കൂൾ ബസ് ഫീസ് ആയ 1000 രൂപ അടയ്ക്കാൻ വൈകിയതിനെ തുടർന്ന് സ്കൂളിലേക്ക് ഇറങ്ങിയ അഞ്ച് വയസ്സുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെ വഴിയിൽ ഉപേക്ഷിച്ച് ബസ് പോയി. ചേലമ്പ്രയിലെ എൽ പി സ്കൂളിലെ യുകെജി വിദ്യാർത്ഥി ഫീസ് അടക്കാത്തത് കാരണം ബസ്സിൽ കയറ്റേണ്ട എന്ന് പറഞ്ഞ് പ്രധാന അധ്യാപിക അറിയിച്ചതിനെ തുടർന്ന് ബസ് അധികൃതർ കുട്ടിയെ ഉപേക്ഷിച്ചു മറ്റ് കുട്ടികളെ ബസ്സിൽ കയറ്റി പോവുകയായിരുന്നു. മറ്റു വിദ്യാർത്ഥികൾ പോയതോടെ അഞ്ചു വയസ്സുകാരൻ കരഞ്ഞുകൊണ്ട് വീട്ടിലോട്ട് മടങ്ങി.കുട്ടിയെ അയൽവാസികളാണ് വീട്ടിലെത്തിച്ചത്. സ്കൂൾ അധികൃതരും പിടിഎ അംഗങ്ങളും പിന്നീട് വീട്ടിലെത്തി കുടുംബത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു. കുട്ടിക്ക് മാനസിക പ്രയാസമുണ്ടായതിനാൽ ഇനിയാ സ്കൂളിൽ കുട്ടിയെ വിടേണ്ട എന്നാണ് കുടുംബത്തിൻറെ തീരുമാനം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലവകാശ കമ്മീഷനും, പോലീസിലും കുടുംബം പരാതി നൽകി.
