മുംബൈ: നിയമസഭയില്‍ സഭാനടപടികള്‍ കാര്യമായി നടക്കുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ റമ്മി കളിച്ച് രസിക്കുകയാണ് കൃഷി മന്ത്രി. മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രി മണിക്റാവു കൊക്കാതെയാണ് നിയമസഭാ സമ്മേളനത്തിനിടെ റമ്മി കളിക്കുന്നത്. ഇതുസംബന്ധിച്ച വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ബി ജെ പിക്കൊപ്പം ഭരണകക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി ശരദ് പവാര്‍വിരുദ്ധ പക്ഷം), ഭാരതീയ ജനതാ പാര്‍ട്ടി (ബി ജെ പി) എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.എന്‍ സി പി (ശരദ്ചന്ദ്ര പവാര്‍) നേതാവ് രോഹിത് പവാര്‍ ഈ വിഷയത്തില്‍ ഭരണ സഖ്യത്തിനെതിരെ ആഞ്ഞടിച്ചു. ‘എണ്ണമറ്റ കാര്‍ഷിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ദിവസവും എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്ത കൃഷി മന്ത്രിക്ക് റമ്മി കളിക്കാന്‍ സമയമുണ്ട് എന്ന് പവാര്‍ പറഞ്ഞു.സംഭവം വിവാദമായതോടെ ന്യായീകരണവുമായി മണിക്റാവു കൊക്കാതെ രംഗത്തെത്തി. ‘സഭയില്‍ ക്യാമറ ഉണ്ടെന്ന് അറിയാവുന്ന, ഞാന്‍ എന്തിനാണ് അവിടെ ഗെയിം കളിക്കാന്‍ ഇരിക്കുന്നത്? ഞാന്‍ അത് ഒഴിവാക്കാന്‍ നോക്കി, രണ്ടുതവണ ശ്രമിച്ചു, ഗെയിം എങ്ങനെ ഒഴിവാക്കണമെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ പെട്ടെന്നുതന്നെ അത് ഒഴിവാക്കി,’- കൊക്കാതെ പറഞ്ഞു.അപൂര്‍ണ വീഡിയോ ഉപയോഗിച്ച് പ്രതിപക്ഷം തന്നെ ലക്ഷ്യമിട്ടുവെന്ന് കൊക്കാതെ ആരോപിച്ചു. ‘നിങ്ങള്‍ മുഴുവന്‍ വീഡിയോ കണ്ടാല്‍, ഞാന്‍ ഗെയിം കളിക്കുന്നത് ഒഴിവാക്കിയെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.’ സഭയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ ഞാന്‍ എന്റെ മൊബൈല്‍ യൂട്യൂബില്‍ എടുത്തു, തുടര്‍ന്ന് ഗെയിം ഫോണില്‍ ഡൗണ്‍ലോഡ് ആകുകയായിരുന്നു. ഞാന്‍ അത് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപൂര്‍ണമായ ഒരു വീഡിയോയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.
മഹാരാഷ്ട്ര നിയമസഭയിൽ റമ്മി കളിച്ച് രസിക്കുന്ന കൃഷിമന്ത്രിയുടെ വീഡിയോ ദൃശ്യം വൈറല്‍
