വിജയിയുടെ റാലികൾ തടയണമെന്ന് ദുരന്ത ബാധിതൻചെന്നൈ: കരൂരിൽ സൂപ്പർതാരം വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേർ മരിക്കുകയും 60ലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കരൂരിൽ അട്ടിമറി നടന്നുവെന്ന് ടിവികെ നേതൃത്വം ആരോപിച്ചിരുന്നു. സംഭവം സിബിഐക്കോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാണ് ടിവികെയുടെ ആവശ്യം. അല്ലെങ്കിൽ, ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജസ്റ്റിസ് ധണ്ഡപാണി മധുര ബെഞ്ചിന് മുമ്പാകെ ഔപചാരികമായി ഹർജി ഫയൽ ചെയ്യാൻ ടിവികെ നേതാക്കളോടു നിർദ്ദേശം നൽകിയിട്ടണ്ട്.കരുർ ദുരന്തത്തിനു തൊട്ടുപിന്നാലെ വിജയിയുടെ ചെന്നൈയിലെ വസതിയിൽ ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് സുരക്ഷാപരിശോധന നടത്തി. എന്നാൽ, സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭീഷണിയുടെ പശ്ചാത്തലത്തിൽ വിജയിയുടെ വസതിക്കു സുരക്ഷ വർധിപ്പിച്ചുണ്ട്. സ്നിഫർ ഡോഗ്സിനെയും ബോംബ് നിർവീര്യമാക്കൽ സ്ക്വാഡിനെയും നീലങ്കരൈയിലെ വിജയിയുടെ വസതിയിൽ വിന്യസിച്ചു. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്നുള്ള 15 അധിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നിലവിലുള്ള സുരക്ഷാ വലയം ശക്തിപ്പെടുത്തി. ഭീഷണി സന്ദേശത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് പാർട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.റാലികൾ തടയണം അതേസമയം, വിജയിയുടെയും ടിവികെയുടെയും തുടർ റാലികൾക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കരൂർ റാലിയിലെ ദുരന്തബാധിതനായ സെന്തിൽ കണ്ണനാണ് ഹർജിക്കാരൻ. സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതുവരെ വിജയിയുടെയും ടിവികെയുടെയും തുടർ റാലികൾക്ക് അനുമതി നൽകുന്നത് തടയണമെന്നാണ് സെന്തിലിന്റെ ആവശ്യം. അശ്രദ്ധമായ ആസൂത്രണം, ഗുരുതരമായ കെടുകാര്യസ്ഥത, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വീഴ്ച എന്നിവയുടെ ഫലമാണ് ദുരന്തമെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ ടൗൺ പോലീസ് ഇതിനകം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.വിജയിക്ക് മുന്നറിയിപ്പുമായി സർക്കാർസംഘർഷഭരിതമായ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാനും തിരക്ക് ഒഴിവാക്കാനും വിജയിയും പാർട്ടിയുടെ മുതിർന്ന നേതാക്കളും കരൂർ സർക്കാർ ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാട് സർക്കാർ നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ സന്ദർശിക്കാൻ വിജയിയും മറ്റ് നേതാക്കളും തയാറെടുക്കുന്നതിനെയാണ് സർക്കാർ നിർദേശം.
കരൂർ ദുരന്തം: സ്വതന്ത്ര അന്വേഷണം വേണമെന്ന് ടിവികെ ഹർജി ഇന്ന് ഹൈക്കോടതിയിൽ,വിജയിയുടെ വസതിക്ക് ബോംബ് ഭീഷണി, സുരക്ഷ വർധിപ്പിച്ചു,വിജയിക്ക് തമിഴ്നാട് സർക്കാരിന്റെ മുന്നറിയിപ്പ്
