ബറേലി: യുപിയിൽ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻ പുരിയിലെ ബഹ്ഗുൽ നദി തീരത്താണ് നവജാത ശിശുവിനെ കുഴിച്ചിട്ടിരുന്ന്. പാലത്തിനടിയിലെ മണ്ണിനടിയിൽ നിന്നും കരച്ചിൽ കേട്ട ആട്ടിടയനാണ് കുഞ്ഞിനെ രക്ഷിച്ചത് .കന്നുകാലികളെ മേയ്ക്കാൻ എത്തിയ ഇയാൾ കുഞ്ഞിൻറെ കരച്ചിൽ കേട്ട് തിരച്ചിൽ നടത്തിയപ്പോൾ മൺകൂനയ്ക്കുള്ളിൽ നിന്നും പുറത്തേക്ക് നീണ്ട കുഞ്ഞിന്റെ കൈയാണ് ആദ്യം കണ്ടത്. ബാക്കി ശരീര ഭാഗങ്ങളെല്ലാം കുഴിച്ചിട്ട നിലയിലായിരുന്നു. മണ്ണിൽ നിന്ന് പുറത്തെടുത്തപ്പോൾ ഉറുമ്പുകൾ പൊതിഞ്ഞ അവസ്ഥയിലായിരുന്നു കുഞ്ഞ്. സംഭവ സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ ആദ്യം തൊട്ടടുത്തുള്ള ഹെൽത്ത് സെൻററിലേക്ക്, തുടർന്ന് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. കുഞ്ഞിന് പത്തു പതിനഞ്ച് ദിവസം പ്രായമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു . തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. കുഞ്ഞിനെ ഒരടി താഴ്ചയിൽ കുഴിച്ചിട്ടവർ ശ്വാസം എടുക്കുന്നതിനുള്ള വിടവ് ഇട്ടിരുന്നതായി പോലീസ് പറഞ്ഞു .സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ജയ്തിപൂർ പോലീസ് പറഞ്ഞു.
യുപിയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
