മസ്കത്ത്: ഒമാനിലെ പ്രവാസികൾക്കുള്ള താമസ അനുമതി രേഖയുടെ (റെസിഡന്റ്റ് കാർഡ്) പരമാവധി കാലാവധി മൂന്ന് വർഷമായി ദീർഘിപ്പിച്ചു. പൗരത്വ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളിൽ വരുത്തിയ ഭേദഗതികളെത്തുടർന്നാണിതെന്ന് അധികൃതർ വ്യക്തമാക്കി. പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്സിൻ അൽ ഷറൈഖി ആണ് നിയമ ഉത്തരവ് പുറപ്പെടുവിച്ചത്.പുതിയ നിയമപ്രകാരം, പ്രവാസികൾക്ക് റെസിഡൻ്റ് കാർഡ് ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം എന്നിങ്ങനെ മൂന്ന് കാലാവധി ഓപ്ഷനുകളാണ് ലഭിക്കുക. തതുല്യമായി ഫീസുകളിലും മാറ്റമുണ്ട്. ഒരു വർഷത്തിന് 5 റിയാൽ, രണ്ട് വർഷത്തിന് 10 റിയാൽ, മൂന്ന് വർഷത്തിന് 15 റിയാൽ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. കാർഡ് ഉടമകൾ കാലാവധി പൂർത്തിയായി 30 ദിവസത്തിനുള്ളിൽ പുതുക്കൽ നിർബന്ധം ആണെന്നും ഉത്തരവിൽ വിശദീകരിക്കുന്നു.
