കൊച്ചി: പ്രമുഖ ഡച്ച് കലാകാരി അഫ്ര എസ്മ മാർച്ച് 28, 29 തീയതികളിൽ കൊച്ചി ബിനാലെയിൽ കലാപ്രേമികളുമായി സംവദിക്കും. ബിനാലെയുടെ പ്രധാന വേദികളിലൊന്നായ ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ മ്യൂസിയം ഓഫ് ആര്ട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘടിപ്പിച്ചു വരുന്ന അഫ്രയുടെ മൈൽഡ് ടൂത്ത് ഓഫ് മിൽക്ക് എന്ന പ്രദർശന വേദിയിൽ രാവിലെ 11 മുതൽ 11.30 വരെയും വൈകുന്നേരം 3 മുതൽ 3.30 വരെയുമാണ് സംവാദം.നെതർലൻഡ്‌സിലെ ഹേഗ്, ആംസ്റ്റർഡാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ തുണിത്തരങ്ങളും വർണ്ണാഭമായ സെറാമിക്സും ഉപയോഗിച്ച് നിർമ്മിക്കുന്ന ശില്പങ്ങളിലൂടെയാണ് കലാലോകത്ത് ശ്രദ്ധേയയായത്. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളെയാണ് തന്റെ കലാസൃഷ്ടികളിലൂടെ അഫ്ര ആവിഷ്കരിക്കുന്നത്. കലയിലൂടെ സ്നേഹത്തിന്റെയും കരുതലിന്റെയും ഐക്യദാർഢ്യത്തിന്റെയും വലിയൊരു ഇടം സൃഷ്ടിക്കുകയാണ് ഈ കലാകാരിയുടെ ലക്ഷ്യം.സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 11.30 മുതൽ വൈകിട്ട് 3 വരെ അഫ്ര എസ്മയുടെ നേതൃത്വത്തിൽ പാവനിർമ്മാണ ശില്പശാലയും ഒരുക്കിയിട്ടുണ്ട്. സോക്സുകൾ, മറ്റ് തുണിത്തരങ്ങൾ എന്നിവ ഉപയോഗിച്ച് പാവകളെ നിർമ്മിക്കുന്നതിനൊപ്പം കരുതലിന്റെയും അതിജീവനത്തിന്റെയും കഥകൾ പങ്കുവെക്കാനും ഇതിലൂടെ സാധിക്കും.തുടർന്ന് ഞായറാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നെയ്ത്ത് ശില്പശാലയാണ് നടക്കുക. പ്രശസ്ത കലാകാരിയും ഇന്ത്യ ആർട്ട് പ്രൊജക്റ്റ് ക്യൂറേറ്ററുമായ സിമി മേരിയാണ് ഇതിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഇടയിൽ കലയിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന വ്യക്തിയാണ് സിമി മേരി. പഴയ തുണിത്തരങ്ങളും നൂലുകളും ഉപയോഗിച്ച് മനോഹരമായ സൃഷ്ടികൾ രൂപപ്പെടുത്താൻ പരിശീലനം നൽകുന്നതാണ് ശില്പശാല.പങ്കെടുക്കുന്നവർക്ക് തങ്ങളുടെ പക്കലുള്ള പഴയ തുണികൾ കൊണ്ടുവരാമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: +91 73568 42839, +91 70934 00864.
കൊച്ചി ബിനാലെയിൽ ഡച്ച് കലാകാരി അഫ്ര എസ്മയുമായുള്ള സംവാദവും ശില്പശാലയും മാർച്ച് 28, 29 തീയതികളിൽ
