അന്തരിച്ച മുൻ മുഖ്യമന്ത്രി സ. വി. എസ് . അച്യുതാനന്ദന് ആദരാഞ്‌ജലി അർപ്പിച്ചുകൊണ്ട് സിറ്റി വോയ്‌സ് കാർട്ടൂണിസ്റ്റ് ജീസ് പി. പോൾ കവിതാരൂപത്തിൽ തയ്യാറാക്കിയ യാത്രാമൊഴി സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. കവിതാരൂപത്തിൽ എഴുതിയിട്ടുള്ള യാത്രാമൊഴിയുടെ വരികളിലെ ആദ്യാക്ഷരങ്ങൾ ചേർത്തുവായിച്ചാൽ വി. എസ് . അച്യുതാനന്ദന് പ്രണാമം എന്ന് വായിക്കാവുന്ന രീതിയിലാണ്. ഇതുവരെ ഇരുന്നൂറിലേറെ മംഗളപത്രങ്ങൾ ഇത്തരത്തിൽ തയ്യാറാക്കി സമർപ്പിച്ചു കഴിഞ്ഞു. മലയാള ഭാഷയുടെ എഴുത്തുവഴികളിൽ പുതിയൊരു ശൈലി തന്നെയാണ് ഇദ്ദേഹത്തിന്റെ മംഗളപത്രങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചപ്പോൾ തയ്യാറാക്കിയ യാത്രാമൊഴിയും ഇതുപോലെ ഏറെ പേർ ഏറ്റെടുത്ത് തങ്ങളുടെ വാട്സ് ആപ്പിലും മറ്റും സ്റ്റാറ്റസ് ആക്കിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, സിനിമാതാരം മധു, മമ്മൂട്ടി, സാമൂഹ്യ പ്രവർത്തക ദയാബായി, എം.ടി.വാസുദേവൻ നായർ, കെ.എസ്.ചിത്ര, പ്രൊഫ.എം.കെ.സാനു , കാർട്ടൂണിസ്റ്റ് സുകുമാർ, കാർട്ടൂണിസ്റ്റ് യേശുദാസൻ, വെള്ളാപ്പള്ളി നടേശൻ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് ആന്റണി കരിയിൽ, ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര, ഉമ തോമസ് എം.എൽ. എ, സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ഡോ. പള്ളിപ്പുറം മുരളി, സി.പി.എം നേതാവ് പി.കെ.ഹരികുമാർ തുടങ്ങിയവർക്കും ജന്മദിനം, വാർഷികം, സ്ഥാനാരോഹണം, സ്ഥലം മാറ്റം, പുരസ്‌കാരങ്ങൾ, വിരമിക്കൽ തുടങ്ങി ആദരവിന്റേയും ആഘോഷങ്ങളുടേയും വേദികളിൽ ഇദ്ദേഹം മംഗളപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, എം.കെ. സാനുമാഷ്, കാർട്ടൂണിസ്റ്റ് യേശുദാസൻ, സുകുമാർ, ദയാബായി, വെള്ളാപ്പള്ളി, ഡോ. പള്ളിപ്പുറം മുരളി തുടങ്ങിയവരിൽ നിന്ന് മംഗളപത്രത്തിന്റെ പേരിൽ പ്രത്യേക അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്. പ്രമുഖർക്കു മാത്രമല്ല സാധാരണക്കാരായ വ്യക്തികൾക്കും ആഘോഷാവസരങ്ങളിൽ സമയ ലഭ്യതയനുസരിച്ച് മംഗള പത്രങ്ങൾ തയ്യാറാക്കി നൽകാറുണ്ട്. എറണാകുളം ജില്ലാ ഭരണകൂടം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സന്ദേശഗാനമായി തെരഞ്ഞെടുത്ത ജാഗ്രത എന്ന ഗാനമുൾപ്പടെ നിരവധി കവിതകളുടേയും ഗാനങ്ങളുടേയും രചയിതാവു കൂടിയാണ് ജീസ്. കേരള കാർട്ടൂൺ അക്കാദമി അംഗമായ ഇദ്ദേഹം കൊവിഡ് പ്രതിരോധ സന്ദേശങ്ങളുമായി തയ്യാറാക്കിയ കാർട്ടൂണുകൾ പലതും സംസ്ഥാന ആരോഗ്യവകുപ്പ് തെരഞ്ഞെടുത്ത് ഔദ്യോഗിക പ്രചരണത്തിന് ഉപയോഗിച്ചിരുന്നു.സംസ്ഥാന ശുചിത്വമിഷൻ അംഗീകൃത സർവീസ് പ്രൊവൈഡറായ സഹൃദയ ടെക്ക് (എറണാകുളം – അങ്കമാലി അതിരൂപത ) എന്ന ഏജൻസിയുടെ മാനേജരായി ജീസ് സേവനം ചെയ്യുന്നു. മാലിന്യ സംസ്കരണ, ജല, ഊർജ്ജ സംരക്ഷണ മേഖലയിൽ സർക്കാർ അംഗീകൃത റിസോഴ്സ് പേഴ്സൺ കൂടിയാണ് ജീസ്. വെച്ചൂർ അച്ചിനകം സ്വദേശിയാണ് ജീസ് പി പോൾ. ഭാര്യ സോയ . മക്കൾ: ജ്യൂവൽ മരിയ, ജസ് വിൻ.
