കുട്ടികളുടെ ആരോഗ്യത്തിനായുള്ള ചരിത്ര ഇടപെടൽ ‘അക്ഷരം ആരോഗ്യം’ ഉദ്ഘാടനം തിരുവനന്തപുരം: ചരിത്രത്തിൽ ഇടം പിടിക്കുന്ന പദ്ധതിയാണ് ‘അക്ഷരം ആരോഗ്യം’ എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികൾ സ്വപ്നങ്ങളിലേക്ക് എത്തപ്പെടണമെങ്കിൽ അധ്വാനിക്കണമെന്നും അതിന് മികച്ച ആരോഗ്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന സ്കൂൾ ആരോഗ്യ പദ്ധതിയുടെ ഉദ്‌ഘാടനം തിരുവന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ലോഗോ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി നിർവഹിച്ചു. കുട്ടികൾക്ക് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ 104 ൻ്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു.അക്ഷരത്തോടൊപ്പം ആരോഗ്യവും ചേരുമ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വം പൂർണ്ണമാകുന്നത് എന്ന് അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. പഠനകാര്യങ്ങളിൽ മാത്രമല്ല കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ കാര്യങ്ങളിൽ പോലും സർക്കാർ ശ്രദ്ധിക്കുന്നു എന്നുള്ളതിന് തെളിവാണ് ഈ പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികൾക്കും ആരോഗ്യ പരിശോധനക്ക് ശേഷം നൽകുന്ന ഹെൽത്ത് കാർഡ് പ്രകാശനം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ആൻ സണ്ണി, ആശ്രയ കാതറിൻ എന്നീ വിദ്യാർത്ഥികൾ ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു. കുട്ടികളിലെ വളർച്ച വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഡിസ്ട്രിക്ട് ഏർളി ഇൻറർവെൻഷൻ സെൻററിൻ്റെ വിജയകരമായ പത്തുവർഷത്തെ മുൻനിർത്തിയുള്ള സുവനീർ ‘ആകാശത്തിനു മുകളിൽ പറന്ന പൂമ്പാറ്റകൾ’ ആരോഗ്യവകുപ്പ് മന്ത്രി വിദ്യാഭ്യാസ മന്ത്രിയിൽനിന്നു ഏറ്റുവാങ്ങി. എൻ. സി. ഇ. ആർടിയും എൻ.പി.ഇ.പിയും സംയുക്തമായി നടപ്പാക്കുന്ന ഗോത്രായനം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 20 പെൺ കവിതകളും കഥകളും വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തുആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന കെ ജെ സ്വാഗതം ആശംസിച്ച ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ. എസ്. കെ ഉമേഷ് ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജനറൽ ഷിബു ആർ. എസ്, തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീജ ഗോപിനാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ബിന്ദു മോഹൻ, അഡീഷണൽ ഡയറക്ടർ (കുടുംബ ക്ഷേമം) ഡോ. മീനാക്ഷി, ആരോഗ്യ കേരളം തിരുവനന്തപുരം പ്രോഗ്രാം മാനേജർ അനോജ് എസ് എന്നിവർ സംസാരിച്ചു.
ചരിത്രത്തിൽ ഇടം പിടിക്കുന്ന പദ്ധതിയാണ് ‘അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോർജ്
